ഇന്ത്യന്‍ വാഹന വിപണിയില്‍ ഐതിഹാസികമായ തിരിച്ചുവരവ് നടത്തി ടാറ്റ സിയറ
ഇന്ത്യന്‍ വാഹന വിപണിയില്‍ ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടാറ്റ സിയറ. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍ 70,000-ത്തിലധികം ഓര്‍ഡറുകള്‍ നേടി ഈ എസ്യുവി പുതിയ ചരിത്രം കുറിച്ചു. ഓരോ മണിക്കൂറിലും ശരാശരി 3,000 ബുക്കിംഗുകള്‍ എന്ന നിലയിലുള്ള അഭൂതപൂര്‍വമായ പ്രതികരണമാണ് വാഹനപ്രേമികളില്‍ നിന്നും സിയറയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ബുക്കിംഗ് തുകയായ 21,000 രൂപ നല്‍കി 70,000 പേര്‍ വാഹനം ഉറപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെ ഏകദേശം 1.35 ലക്ഷം ഉപഭോക്താക്കള്‍ തങ്ങള്‍ക്കാവശ്യമായ വേരിയന്റുകളും സവിശേഷതകളും തിരഞ്ഞെടുത്ത് ബുക്കിംഗ് നടപടികളുമായി മുന്നോട്ട് പോകുന്നു.
11.49 ലക്ഷം രൂപ മുതല്‍ 21.29 ലക്ഷം രൂപ വരെയാണ് സിയറയുടെ എക്സ്-ഷോറൂം വില. സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ് തുടങ്ങിയ ഏഴ് വ്യത്യസ്ത വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ ഇതിനുണ്ട്. ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ സിയറ ലിറ്ററിന് 29.9 കിലോമീറ്റര്‍ മൈലേജ് കൈവരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട്.
