സംസ്ഥാനത്ത് പുനരുപയോഗ ഊര്‍ജ്ജ ചട്ടത്തില്‍ അന്തിമ വിജ്ഞാപനമായി
തിരുവനന്തപുരം: കേരളത്തിൽ പുനരുപയോഗ ഊർജ്ജ ചട്ടം നിലവില്‍ വന്നു. പഴയ നെറ്റ് മീറ്ററിങ് രീതി തുടരും. അതോടൊപ്പം 10 കിലോവാട്ട് ശേഷിയില്‍ സോളാർ സ്ഥാപിച്ചവർക്ക് ബാറ്ററി സ്റ്റോറേജും വേണ്ട.
2027 ഏപ്രില്‍ ഒന്നിന് ശേഷം അഞ്ച് കിലോ വാട്ടിന് മുകളില്‍ സോളാർ സ്ഥാപിക്കുന്നവർക്ക് ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കാനും തീരുമാനമായി.ഗാർഹിക ഉപയോഗത്തില്‍ 20 കിലോ വാട്ടു വരെയാണ് നെറ്റ് മീറ്റിങ്ങ്. 10 കിലോവാട്ട് വരെ ബാറ്ററി സ്റ്റോറേജ് വേണ്ട. 10 മുതല്‍ 15 കിലോ വാട്ടിന് 10% ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കണം.
20 കിലോവാട്ടിന് മുകളില്‍ 20% ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കണം. 2027 ഏപ്രില്‍ 1 മുതല്‍ തുടങ്ങുന്ന സോളാർ കണക്ഷനുകള്‍ക്ക് 5 കിലോ വാട്ടിന് മുകളില്‍ 10% ബാറ്ററി സ്റ്റോറേജ് വേണം. ഇതിനകം പ്ലാൻറ് സ്ഥാപിച്ചവർക്ക് ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കേണ്ടതില്ല എന്നിവയാണ് വിജ്ഞാപനത്തിലെ പ്രധാന തീരുമാനം. പുതിയ രീതി ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
