
Tourist attractions in Kerala
ചെറിയാന്‍ പുല്ലോക്കാരന്‍
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിംഗായ ഒരു വാചകമാണ് ‘മസിനഗുഡി വഴി നേരെ ഊട്ടിയിലേക്കൊരു യാത്ര, അതൊരു വല്ലാത്ത എക്സ്പീരിയന്‍സാണ്’ എന്നത്. യാത്രകളെ സ്നേഹിക്കുന്ന അസ്ലം ഓയമിന്റെ വാക്കുകളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ എല്ലാവരും ഏറ്റെടുത്ത് വൈറലാക്കിയത്. അതോടെ യാതൊരു മുന്നൊരുക്കവുമില്ലാതെ അനവധി പേര്‍ മസിനഗുഡി വഴി ഊട്ടിയിലേക്ക് വെച്ചുപിടിച്ചു. കേട്ടവര്‍ കേട്ടവര്‍ മസിനഗുഡിയിലേക്ക് പുറപ്പെട്ടതോടെ മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സമാണ് യാത്രികര്‍ നേരിടേണ്ടി വന്നത്. അതും പലര്‍ക്കും ‘വല്ലാത്തൊരു എക്സ്പീരിയന്‍സായി’ തന്നെ മാറി. 37 ഹെയര്‍പിന്നാണ് മസിനഗുഡി ചുരത്തിലുള്ളതെന്ന് ഓര്‍ക്കാതെയാണ് പലരും കേട്ടപാതി കേള്‍ക്കാത്ത പാതി വാഹനങ്ങളുമായി ഇറങ്ങിത്തിരിച്ചത്.
മനോഹരമായ മസിനഗുഡി
ഊട്ടിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ, പ്രകൃതിഭംഗി നിറഞ്ഞു നില്‍ക്കുന്ന വനത്തിനുള്ളിലെ മനോഹരമായ ഒരു ഗ്രാമമാണ് മസിനഗുഡി. കാടിനുള്ളിലൂടെ പോകുന്ന വഴിയില്‍ നിരവധി മൃഗങ്ങളെ കാണാനും അവസരം ലഭിക്കും. ആനകളെയും കാട്ടുപോത്തുകളെയും മയിലുകളെയും മാന്‍ കൂട്ടങ്ങളെയൊക്കെ യഥേഷ്ടം കാണാനാവും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കാണ് ഈ യാത്ര ആകര്‍ഷണീയമായി തോന്നുക. തമിഴ്‌നാട് – കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയ ഉദ്യാനത്തിന് അടുത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്. നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണല്‍ പാര്‍ക്ക്. മസിനഗുഡി റോഡ്, ഊട്ടി മൈസൂര്‍ റോഡില്‍ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പും പ്രസിദ്ധമാണ്.
എന്താണ് ആ എക്സ്പീരിയന്‍സ്
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് ഊട്ടി. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെ. റോഡ് മാര്‍ഗ്ഗമുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട റൂട്ടാണ് മസിനഗുഡി വഴി ഊട്ടിയിലേക്കുള്ളത്. മസിനഗുഡിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍, 36 ഹെയര്‍പിന്നുകള്‍ പിന്നിട്ട് കല്ലട്ടി ചുരം വഴി ഊട്ടിയില്‍ എത്തിച്ചേരാനാവും. മസിനഗുഡിയില്‍ നിന്ന് ഗൂഡലൂര്‍ എത്താന്‍ ഏകദേശം 25 കിലോമീറ്ററുണ്ട്. മുതുമല – മസിനഗുഡി – ഊട്ടി റോഡുകള്‍ പ്രകൃതി രമണീയത ഒപ്പിയെടുത്തു നില്‍ക്കുന്ന സ്ഥലങ്ങളാണ്. വളരെ ശ്രദ്ധയോടെ വേണം ഈ റൂട്ടിലൂടെ വാഹനമോടിക്കുവാന്‍. 10 മണിക്കൂര്‍, മൂന്നു സംസ്ഥാനങ്ങള്‍, മൂന്നു വന്യജീവി സങ്കേതങ്ങള്‍, 36 ഹെയര്‍ പിന്‍ വളവുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വലിയ അനുഭവം തന്നെയാണ് ഈ റൂട്ട്.
കേരളത്തില്‍ നിന്നു പോകുന്നവര്‍ക്കാണെങ്കില്‍ ബന്ദിപ്പൂര്‍ മുതുമല വഴിയാണ് മസിനഗുഡിയിലേക്ക് എത്തേണ്ടത്. ഏറെ അപകടം നിറഞ്ഞ യാത്ര ആയതുകൊണ്ടു തന്നെ ഊട്ടിയിലേക്കുള്ള പാത വണ്‍വേയാക്കിയിരിക്കുന്നു.
ഊട്ടിയിലെത്തിയാല്‍ കൂനൂരും കൂനൂരില്‍ നിന്ന് 12.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നീലഗിരി ജില്ലയില്‍ തന്നെയുള്ള കെട്ടി വാലി വ്യൂ പോയിന്റിലെതത്താം.
ഊട്ടിയിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാത്തിരിക്കുന്ന സ്ഥലമാണിത്.
ഊട്ടിയിലെ മറ്റു ആകര്‍ഷണങ്ങള്‍
ഊട്ടിയിലെത്തിയാല്‍ സൈറ്റ് സീയിങ്ങിന് അനുയോജ്യമായ സ്ഥലമാണ് 2,637 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദോഡബെട്ട. ഊട്ടിയില്‍ നിന്ന് 9 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. അതിരാവിലെ തന്നെ ദോഡബെട്ടയില്‍ എത്തിയാല്‍ യഥാര്‍ത്ഥ പ്രകൃതി ഭംഗി ആസ്വദിക്കാനാവും. വലിയ വനങ്ങളും ശാന്തമായ അന്തരീക്ഷവുമാണ് എടുത്തു പറയേണ്ടത്.
പൂക്കള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി രാജ്യത്തെ ഏറ്റവും വലിയ റോസ് ഗാര്‍ഡനായ ഊട്ടി റോസ് ഗാര്‍ഡന്‍ നല്ല ദൃശ്യവിരുന്നു തന്നെയാണ് ഒരുക്കുന്നത്. ഇരുപതിനായിരത്തോളം ഇനം റോസാപ്പൂക്കളാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നത്. മാത്രമല്ല, മനം കുളിര്‍പ്പിക്കുന്ന സുഗന്ധവും ആസ്വദിക്കാം. എല്‍ക്ക് ഹില്ലിലാണ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് അനുകൂലം.
ഊട്ടിയിൽ നിന്ന് 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൈക്കര തടാകത്തിലെത്താം. മനോഹരമായ കുന്നുകളില്‍ നിന്ന് ഒഴുകിയെത്തുന്ന മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും തടാകവുമാണ് ഇവിടെയുള്ളത്. വെള്ളച്ചാട്ടത്തിലൂടെ കുതിച്ചെത്തുന്ന വെള്ളം പൈക്കര തടാകത്തിലേക്കും എത്തുന്നു. ഇതോടൊപ്പം നല്ല പ്രകൃതി ഭംഗിയും ആസ്വദിക്കുകയും ചെയ്യാം. ബോട്ടിംഗ്, സ്പീഡ് ബോട്ടിംഗ് തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഊട്ടിയില്‍ നിന്ന് 24 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍, മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇക്കോ റോക്കിലെത്താം. ഇവിടെയും പ്രകൃതി ഭംഗി നന്നായി ആസ്വദിക്കാനാവും. കൂനൂരില്‍ നിന്നാണെങ്കില്‍ ഇക്കോ റോക്കിലേക്ക് 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാനയിടമാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. പച്ചപ്പിനും പൂക്കളുടെ സുഗന്ധത്തിനും നടുവില്‍ ചെലവഴിക്കാനുള്ള അവസരം ആരും പാഴാക്കാറില്ല. 20 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഫോസില്‍ ട്രീ ട്രങ്ക് ആണ് എടുത്തു പറയേണ്ട പ്രധാന ആകര്‍ഷണം. ധാരാളം സഞ്ചാരികളെത്തുന്ന മറ്റൊരിടമാണ് തിരക്കേറിയ സിറ്റി മാര്‍ക്കറ്റ്. ഇവിടെയാണ് നല്ല റസ്റ്ററന്റുകളും കഫേകളും ഷോപ്പുകളുമൊക്കെയുള്ളത്. ഏതായാലും മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയും ഊട്ടിയും വല്ലാത്തൊരു എക്സ്പീരിയന്‍സ് തന്നെയാണ്.
