190 ആഡംബര കാറുകള്‍ വാങ്ങി ശ്രദ്ധ നേടി ജിറ്റോ
190 ആഡംബര കാറുകള്‍ വാങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ (ജിറ്റോ). ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഈ സംഘടനയിലെ അംഗങ്ങള്‍ 50 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ വില വരുന്ന 190 ആഡംബര കാറുകള്‍ മൊത്തമായി വാങ്ങിയത്. ഇന്ത്യയിലുടനീളം 65,000 അംഗങ്ങളുള്ള ജിറ്റോ മുന്‍കൈയിലാണ് ഈ ഇടപാടുകള്‍ സുഗമമാക്കിയത്. ഒരു ബള്‍ക്ക് ഡീലിലൂടെയാണ് ഇത്രയും വാഹനങ്ങള്‍ സ്വന്തമാക്കിയത്. ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡീസ് തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ കാറുകളാണ് കൂടുതലും വാങ്ങിയത്.
ഈ ബ്രാന്‍ഡുകള്‍ വിലയില്‍ വന്‍ ഇളവുകള്‍ നല്‍കിയതോടെയാണ് ഇത്രയും വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചത്. അതായത് ഈ ഇളവുകള്‍ ലഭിച്ചതോടെ അംഗങ്ങള്‍ക്ക് 21.5 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞു. രാജ്യ വ്യാപകമായാണ് ഈ കാറുകള്‍ വാങ്ങിയത്. മാത്രമല്ല ഗുജറാത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വാഹനം വാങ്ങിയതില്‍ ഭൂരിഭാഗവും. 190 കാറുകളില്‍ 30 എണ്ണം വാങ്ങിയത് ഗുജറാത്തില്‍ താമസിക്കുന്ന ട്രേഡ് ഓര്‍ഗനൈസേഷന്‍ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഈ കാറുകള്‍ 60 ലക്ഷം മുതല്‍ 1.3 കോടി രൂപ വരെ വിലയുള്ളതാണ്.
