സപ്ലൈകോയുടെ സുവർണ ജൂബിലി സമാപന സമ്മേളനം നാളെ
കൊച്ചി: സപ്ലൈകോയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ മന്ത്രി ജി .ആർ. അനിൽ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം രണ്ടു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ സപ്ലൈകോയുടെ ചരിത്രവും നാഴികക്കല്ലുകളും വിവരിക്കുന്ന കോഫി ടേബിൾ ബുക്കും പഴയ മാനേജിങ് ഡയറക്ടർമാരുടെ അനുഭവക്കുറിപ്പുകൾ അടങ്ങിയ സുവനീറും മന്ത്രി പുറത്തിറക്കും.
ഉച്ചയ്ക്ക് 2ന് രണ്ടാമത്തെ സെഷനിൽ സപ്ലൈകോയുടെ വളർച്ചയ്ക്ക് ഒപ്പം നിന്ന വിതരണക്കാർ, കർഷകർ, ബാങ്കുകൾ, സപ്ലൈകോയുമായി ചേർന്നു പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കും.മന്ത്രി പി. രാജീവ് പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും.
