തമിഴ്‌നാട്ടില്‍ അത്യാധുനിക കപ്പല്‍ നിര്‍മാണശാല സജ്ജമാക്കുന്നു
മട്ടാഞ്ചേരി: കപ്പല്‍ നിര്‍മാണ രംഗത്ത് കരുത്തുപകര്‍ന്ന് തമിഴ്‌നാട്ടില്‍ അത്യാധുനിക കപ്പല്‍ നിര്‍മാണശാല സജ്ജമാക്കുന്നു.കപ്പല്‍ശാല നിര്‍മിക്കാനൊരുങ്ങുന്നത് തൂത്തുക്കുടി ജില്ലയില്‍ 500 ഏക്കര്‍ സ്ഥലത്താണ്. കൊച്ചി കപ്പല്‍ശാല, (സിഎസ്‌എല്‍) മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് (എംഡിഎല്‍) സംയുക്ത സംരംഭമായാണ് തൂത്തുക്കുടി കപ്പല്‍ശാല നിര്‍മാണം. ഇരു കമ്പനികളും തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. പദ്ധതിക്കുള്ള ഡിപിആര്‍ തയാറാക്കുകയാണ്. ആദ്യഘട്ട ചെലവ് 30,000 കോടി രൂപയാണ്. ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരമൊരുക്കുന്നതാണ് പദ്ധതി.ഇരുപതു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വഹിക്കാന്‍ കഴിയുന്ന വെരിലാര്‍ജ് ക്രൂഡ് കാരിയറുകള്‍ (വിഎല്‍സിസി) നിര്‍മിക്കാന്‍ ശേഷിയുള്ള കപ്പല്‍ശാലയാണ് ലക്ഷ്യമിടുന്നത്. നാവിക സേനക്കായി വിക്രാന്ത് വിമാനവാഹിനി നിര്‍മിച്ച് പരിചയമുള്ള കൊച്ചി കപ്പല്‍ശാലയും മുന്‍നിര ഡിസ്‌ട്രോയര്‍ കപ്പലുകള്‍ നിര്‍മിച്ച മാസഗോണ്‍ കപ്പല്‍ നിര്‍മാണശാലയുടെയും കൂട്ടായ പരിചയസമ്ബത്ത് തൂത്തുക്കുടി കപ്പല്‍ശാലയുടെ കുതിപ്പിനും കരുത്തിനും ഇടയാക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
