ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം വരുന്നു; സംവിധാനം 2026 ഒക്ടോബർ മുതൽ
റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിശ്ശബ്ദ സവാരിക്ക് ഇനി വിരാമം. അപകടസാധ്യത വർദ്ധിപ്പിക്കുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദസംവിധാനം നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി, കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്ന കരടുവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.
2026 ഒക്ടോബർ 1 മുതൽ വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്ക് അകൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (AVAS) നിർബന്ധമായും ഉൾപ്പെടുത്തണം. നിലവിൽ വിപണിയിലുള്ള മോഡലുകളിലും ഈ സംവിധാനം 2027 ഒക്ടോബർ 1 മുതൽ ബാധകമാകും.വാഹനം മന്ദഗതിയിലായിരിക്കുമ്പോഴും പാദയാത്രികർക്ക് കാതുകൊണ്ടു തിരിച്ചറിയാവുന്ന രീതിയിൽ നിശ്ചിത ശബ്ദം പുറത്തിറക്കാനാണ് എവിഎഎസിന്റെ ലക്ഷ്യം. ഈ സംവിധാനത്തിലൂടെ, ചുറ്റുപാടിലുള്ളവർക്ക് വാഹനത്തിന്റെ സാന്നിധ്യം അറിയാനും അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും.
ചില കമ്പനികൾ ഇപ്പോഴും അവരുടെ മോഡലുകളിൽ ഈ സംവിധാനം നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങി അനേകം രാജ്യങ്ങൾ ഇതിനകം തന്നെ ഈ സംവിധാനം നിയമപരമായി ബാധകമാക്കിയിട്ടുണ്ട്. പരിഗണനയ്ക്കുള്ള കരടുഭേദഗതിയിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിച്ചാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. 30 ദിവസത്തിനുള്ളിൽ morth@gov.in
എന്ന ഇമെയിൽ വിലാസത്തിലേക്ക് അഭിപ്രായങ്ങൾ അയയ്ക്കാം.
