June 8, 2025

കേരളത്തിലെ 24 ആസ്തികൾ വിൽക്കാൻ ബിഎസ്എൻഎൽ

0

കൊച്ചി∙ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ കേരളത്തിലെ 24 ആസ്തികൾ വിൽക്കാനുള്ള നടപടികൾ തുടങ്ങി. ആലുവ ചൂണ്ടിയിലെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്ന 2.22 ഏക്കർ വരുന്ന ഭൂമിയാണ് ഇപ്പോൾ ലേലത്തിൽ വച്ചിട്ടുള്ളത്. 16.47 കോടി രൂപയാണ് അടിസ്ഥാന തുക. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെഎൽഎൽ പ്രോപ്പർട്ടി കൺസൽറ്റന്റ്സ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിയാണ് കൺസൽറ്റന്റായി പ്രവർത്തിക്കുന്നത്. ജൂലൈ ഒന്നുവരെ അപേക്ഷിക്കാം. കേരളത്തിൽ ബിഎസ്എൻഎൽ ഭൂമി സ്വകാര്യമേഖലയ്ക്കു വിൽക്കുന്നതിനുള്ള ആദ്യ ലേലമാണിത്. കൊല്ലം കൊട്ടാരക്കരയിൽ 19 സെന്റ് ഭൂമിയും ലേലത്തിലുണ്ട്. 4.8 കോടി രൂപ അടിസ്ഥാന വില.സർക്കാർ ഏജൻസി ഇല്ലാത്തയിടത്താണ് സ്വകാര്യ മേഖലയ്ക്കായി ടെൻഡർ വിളിക്കുന്നത്. എറണാകുളത്തെ ഭൂമിയുടെ മൂല്യം, വിൽപന സാധ്യത എന്നിവ കണക്കാക്കിയാണ് സ്വകാര്യ മേഖലയ്ക്കു വിൽക്കാനുള്ള തീരുമാനമെന്ന് ബിഎസ്എൻഎൽ എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ വി.സുരേന്ദ്രൻ പറഞ്ഞു. എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ ബിഎസ്എൻഎല്ലിന്റെ രണ്ട് ആസ്തികളും, കലൂർ, പള്ളുരുത്തി എന്നിവിടങ്ങളിലെ ഭൂമിയും വൈകാതെ ലേലത്തിന് എത്തും.  ഭൂമി വിൽപനയിലൂടെ കേരളത്തിൽ നിന്ന് 60 കോടി രൂപ സമാഹരിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യംവയ്ക്കുന്നത്. ഇ ടെൻഡറിങ് പോർട്ടൽ: www.mstcecommerce.com

building

Leave a Reply

Your email address will not be published. Required fields are marked *