ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഭാഗ്യം പിന്തുണച്ചത് കൊല്ലം സ്വദേശിയെ
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം നേടിയവരില്‍ കേരളത്തിൽ നിന്നും കൊല്ലം സ്വദേശിയും. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയില്‍ ഏകദേശം 11.3 ലക്ഷം ഇന്ത്യന്‍ രൂപ (50,000 ദിര്‍ഹം) വീതം സമ്മാനം നേടിയവരിലാണ് കൊല്ലം സ്വദേശി ഉള്‍പ്പെട്ടട്ടുള്ളത്.ഏഴ് വര്‍ഷമായി ദുബായില്‍ പര്‍ച്ചേസ് ഓഫിസറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അജയ് കൃഷ്ണകുമാര്‍ ജയന്‍(32) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം സ്വന്തമാക്കിയത്. ഓഗസ്റ്റ് മൂന്നിന് അബുദാബിയില്‍ നടക്കുന്ന ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പിന് മുന്‍പുള്ള അവസാനത്തെ പ്രതിവാര നറുക്കെടുപ്പാണിത്.
ഇവര്‍ പത്ത് സുഹൃത്തുക്കള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പായി ടിക്കറ്റുകള്‍ എടുക്കാറുണ്ടായിരുന്നു. സൗദിയില്‍ 15 വര്‍ഷമായി സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുന്ന സമീര്‍ അഹമ്മദ്, സുസ്മിത എന്നിവരാണ് സമ്മാനം സ്വന്തമാക്കിയ മറ്റു ഇന്ത്യക്കാര്‍.മുഹമ്മദ് ഖോര്‍സെദ് ആലം (22) ആണ് സമ്മാനം ലഭിച്ച ബംഗ്ലാദേശ് സ്വദേശി. സമീറിന് സമ്മാനം ലഭിച്ചത് ഓഫറില്‍ ലഭിച്ച സൗജന്യ ടിക്കറ്റിലൂടെയാണ്. സമ്മാനത്തുക ഗ്രൂപ്പിലെ അംഗങ്ങളുമായി പങ്കുവയ്ക്കുമെന്നും സന്തോഷം കൊണ്ട് തനിക്ക് സംസാരിക്കാന്‍ പോലും സാധിച്ചില്ലെന്നും അജയ് പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരും. നിലവിലുള്ള വായ്പകള്‍ തിരിച്ചടക്കാനുമാണ് സമീറിന്റെ പദ്ധതി.
