‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ ഇനി നിയമം; ട്രംപ് ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസില്‍ നികുതിയും ചെലവു ചുരുക്കലും ഉള്‍ക്കൊള്ളുന്ന വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായി. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ബില്ലില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. യുഎസിന്റെ സ്വാതന്ത്ര്യദിനംകൂടിയായ ദിവസമാണ് വെള്ളിയാഴ്ച. നികുതി ഇളവുകള്‍, സൈനിക കുടിയേറ്റ നിര്‍വഹണ ചെലവുകള്‍ വര്‍ധിപ്പിക്കല്‍ എന്നിവ നിയമത്തില്‍ ഉള്‍പ്പെടുന്നു.റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള ജനപ്രതിനിധി സഭയില്‍ 218-214 വോട്ടിനാണ് ബില്‍ പാസായിരുന്നത്.
അതേസമയം ബില്‍ മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെടുമെന്ന് വിമര്‍ശനമുയരുന്നുണ്ട്. ക്രൂരമായ ബില്ലെന്നാണ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശിച്ചത്. ചൊവ്വാഴ്ച സെനറ്റില്‍ ബില്‍ പാസായിരുന്നു. സെനറ്റിലെ 100 അംഗങ്ങളില്‍ 50 പേര്‍ അനുകൂലിച്ചും 50 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് ബില്‍ സെനറ്റ് കടന്നത്.