ചരിത്ര നിമിഷം: സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ത്യക്കിത് അഭിമാനനിമിഷമാണ്. 41 വര്‍ഷത്തിന് ശേഷം ശുഭാന്‍ഷു ശുക്ല എന്ന ഇന്ത്യക്കാരന്‍ ബഹിരാകശത്തെത്തും.
ഇതാദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തിലെത്തുന്ന ഇന്ത്യക്കാരനായി മാറും ശുഭാന്‍ഷു. 14 ദിവസം ബഹിരാകാശനിലയത്തില്‍ തങ്ങി 60 പ്രധാനപരീക്ഷണങ്ങള്‍ സംഘം നടത്തും. ഗഗന്‍യാന്‍ ഉള്‍പ്പെടെ ഭാവിയിലെ ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായക കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കുന്നുവെന്നതാണ് ദൗത്യത്തിന്റെ പ്രാധാന്യം. ആക്‌സിയം ഫോര്‍ മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ശുഭാംശു ശുക്ലയും സംഘവും ആരോഗ്യം,കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ആക്‌സിയം ഫോര്‍ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്.