നിക്ഷേപകരുടെ സമ്പത്തില്‍ 9 ലക്ഷം കോടിയുടെ വര്‍ധന: സെന്‍സെക്‌സ് കുതിച്ചത് 1,300 പോയന്റ്

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ മികച്ച വിജയംനേടിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രണ്ടം ദിവസവും ഓഹരി സൂചികകളില്‍ മികച്ച മുന്നേറ്റം. എല്ലാ മേഖലകളിലെ ഓഹരികളിലും വാങ്ങല്‍ താത്പര്യം പ്രകടമായിരുന്നു. സമീപ കാലയളവിലെ ഇടിവിന് ശേഷം രണ്ട് വ്യാപാര ദിനങ്ങളിലായി നിഫ്റ്റിയും സെന്‍സെക്‌സും നാല് ശതമാനത്തോളം ഉയര്‍ന്നു.
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,305 പോയന്റ് നേട്ടത്തില്‍ 80,423ലും നിഫ്റ്റി 413 പോയന്റ് ഉയര്‍ന്ന് 24,321ലുമെത്തി. വിപണി മികച്ച നേട്ടമുണ്ടാക്കിയതോടെ നിക്ഷേപകരുടെ സമ്പത്തില്‍ ഒമ്പത് ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി. ബിഎസ്ഇയില്‍ ലിസറ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 8.66 ലക്ഷം കോടി ഉയര്‍ന്ന് 441.37 ലക്ഷം കോടിയിലെത്തി. സെന്‍സെക്‌സ് ഓഹരികളില്‍, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ 2.5 ശതമാനം മുതല്‍ നാല് ശതമാനം വരെ നേട്ടമുണ്ടാക്കി.
ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയവയും നേട്ടത്തിലാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ധനകാര്യ സേവനം, പി.എസ്.യു ബാങ്ക്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 2-3 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, എഫ്എംസിജി, മെറ്റല്‍സ്, ഫാര്‍മ എന്നിവ രണ്ട് ശതമാനവും നേട്ടത്തിലാണ്.