എൽപിജി നിയന്ത്രണം: ഇൻഡക്ഷൻ കുക്കറുകൾക്ക് രാജ്യത്ത് വൻ ഡിമാൻഡ്
രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു. ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓൺലൈൻ വിപണിയിലാണ് കൂടുതൽ ആവശ്യകത രേഖപ്പെടുത്തുന്നത്.
രാജ്യത്ത് ചില ഷോറൂം ശൃംഖലകൾ സാധാരണയായി ദിവസേന 35–40 ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 150-ഓളം ആയി ഉയർന്നതായി വ്യാപാരികൾ പറയുന്നു.
വിൽപനയും അന്വേഷണങ്ങളും ഉയർന്നതോടെ ഇൻഡക്ഷൻ കുക്കർ നിർമ്മാണ കമ്പനികളുടെ ഓഹരിവിലയും ഓഹരി വിപണിയിൽ ഇന്ന് കുതിച്ചു. ബോറോസിൽ 13%, ബജാജ് ഇലക്ട്രിക്കൽസ് 7%, ടിടികെ പ്രസ്റ്റീജ് 7%, ഹോക്കിൻസ് 4.8% എന്നിങ്ങനെ നേട്ടം കൈവരിച്ചു. ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസിന്റെ ഓഹരി വിലയും 2 ശതമാനം ഉയർന്നു.

പ്രതിവർഷം ഇന്ത്യയിൽ ഏകദേശം 31.3 മില്യൺ ടൺ എൽപിജിയാണ് ഉപഭോഗിക്കുന്നത്. ഇതിൽ 87 ശതമാനവും വീടുകളിലാണ് ഉപയോഗിക്കുന്നത്. എൽപിജി ക്ഷാമഭീതി ഉയർന്നതോടെയാണ് ഇൻഡക്ഷൻ കുക്കറിന് ആവശ്യകത വർധിച്ചതെന്ന് വ്യാപാരികൾ വിലയിരുത്തുന്നു. യുദ്ധപശ്ചാത്തലത്തിൽ എൽപിജി വില ഉയർന്നതും വില ഇനിയും വർധിക്കാമെന്ന ആശങ്കയും ഉപഭോക്താക്കളെ ഇൻഡക്ഷൻ കുക്കറുകളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ആഭ്യന്തര എൽപിജി ഉൽപാദനം വർധിപ്പിക്കുകയും സിലിണ്ടർ വിതരണം അവശ്യ മേഖലകളിലേക്ക് മാത്രം നിയന്ത്രിക്കുകയും ചെയ്ത് പ്രതിസന്ധി നിയന്ത്രിക്കാൻ കേന്ദ്രവും പൊതുമേഖലാ എണ്ണവിതരണ കമ്പനികളും ശ്രമം തുടരുകയാണ്. വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയ്ക്കു മാത്രമാണ് നിലവിൽ എൽപിജി വിതരണം അനുവദിച്ചിരിക്കുന്നത്. ഹോട്ടലുകളും റെസ്റ്ററന്റുകളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആഭ്യന്തര ഉൽപാദനം 10 ശതമാനം വർധിപ്പിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും വ്യക്തമാക്കി.
