അമേരിക്കയിൽ 50 വർഷത്തിനുശേഷം പുതിയ റിഫൈനറി; റിലയൻസിന്റെ വൻ നിക്ഷേപം
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ ഏകദേശം 50 വർഷത്തിന് ശേഷം ഒരു പുതിയ എണ്ണ റിഫൈനറി സ്ഥാപിക്കാൻ പദ്ധതിയൊരുങ്ങുന്നു. അതും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപിക്കുന്നതാണെന്നത് ശ്രദ്ധേയമാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഈ വിവരം പുറത്തുവിട്ടത്.
‘‘ഇത് ചരിത്രപരമായ 300 ബില്യൺ ഡോളറിന്റെ ഡീലാണ്. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണിത്’’ എന്ന് ട്രംപ് വ്യക്തമാക്കി. ഏകദേശം 27.5 ലക്ഷം കോടി രൂപയ്ക്കു തുല്യമായ ഈ നിക്ഷേപത്തിന് റിലയൻസ് ഇൻഡസ്ട്രീസിനോട് അദ്ദേഹം നന്ദിയും അറിയിച്ചു.

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ റിഫൈനറി റിലയൻസിനാണ് സ്വന്തമുള്ളത്. ഗുജറാത്തിലെ ജാംനഗറിലുള്ള ആ റിഫൈനറിയാണ് ലോകത്തിലെ ഏറ്റവും വലിയതും. ഇപ്പോൾ യുഎസിലെ ടെക്സസിലാണ് പുതിയ റിഫൈനറി സ്ഥാപിക്കാൻ പദ്ധതി എന്നാണ് ട്രംപ് പറഞ്ഞത്.
അമേരിക്കയുടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും ആഭ്യന്തര ഇന്ധന ഉൽപാദനം വർധിപ്പിക്കാനും ഈ പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് ബില്യൺ കണക്കിന് ഡോളറിന്റെ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ ഹരിത (ഗ്രീൻ) റിഫൈനറിയായിരിക്കും ഇത് എന്നും ട്രംപ് കൂട്ടിച്ചേർത്തു.
റിലയൻസിന്റെ അമേരിക്കൻ റിഫൈനറിയിൽ 100 ശതമാനം യുഎസ് ഷെയിൽ ഓയിൽ തന്നെയായിരിക്കും പ്രോസസ് ചെയ്യുക. ‘അമേരിക്ക ഫസ്റ്റ് റിഫൈനിങ്’ എന്ന കമ്പനുമായി ചേർന്നാണ് 20 വർഷത്തെ കരാറിൽ റിലയൻസ് ഇൻഡസ്ട്രീസ് പ്രവേശിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ റിലയൻസോ അമേരിക്ക ഫസ്റ്റ് റിഫൈനിങ്ങോ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
125 ബില്യൺ ഡോളർ മൂല്യമുള്ള ഏകദേശം 120 കോടി ബാരൽ യുഎസ് ലൈറ്റ് ഷെയിൽ ഓയിൽ റിഫൈനറിയിൽ കൈകാര്യം ചെയ്യുമെന്നാണ് സൂചന.
ഇതിനിടെ ട്രംപ് കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾക്ക് ഓഹരി വിപണിയിൽ ചെറിയ ഉയർച്ച രേഖപ്പെട്ടു. ഇന്ന് ഒരു ഘട്ടത്തിൽ 2 ശതമാനം വരെ ഓഹരിവില ഉയർന്നെങ്കിലും പിന്നീട് നേരിയ നഷ്ടത്തിലേക്ക് വഴിമാറി. ഉച്ചയോടെയുള്ള എൻഎസ്ഇ വ്യാപാരത്തിൽ ഓഹരിവില 0.27 ശതമാനം ഇടിവോടെ 1,405.30 രൂപയായിരുന്നു.
