എട്ടാം ശമ്പള കമീഷനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത പ്രഖ്യാപനം ഉണ്ടാകുമോ?

എട്ടാം ശമ്പള കമീഷൻ ഔദ്യോഗികമായി ഇതുവരെ രൂപീകരിച്ചില്ലെങ്കിലും ജൂലൈ ഒന്നോടുകൂടി ക്ഷാമബത്തയില്‍ വർധനവ് പ്രതീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ.സർക്കാർ വർധനവ് പ്രഖ്യാപിച്ചാല്‍ പുതിയ ശമ്പള കമീഷനു മുമ്പുള്ള അവസാനത്തെ അലവൻസ് വർധനവായിരിക്കും ഇത്. ഇനി അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായാലും മിതമായി വർധനവ് മാത്രമേ ജീവനക്കാർ പ്രതീക്ഷിക്കുന്നുള്ളൂ.ഉപഭോക്തൃ വില സൂചിക(സി.പി.ഐ) ഏപ്രില്‍ മാസത്തെ 3.16 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍ 2.82 ശതമാനത്തിലേക്ക് ഇടിഞ്ഞതോടെ ഇന്ത്യയിലെ റീടെയില്‍ പണപ്പെരുപ്പം കഴിഞ്ഞ 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മെയിലെ സി.പി.ഐ റേറ്റ് 2019ല്‍ രേഖപ്പെടുത്തിയ 2.57 ശതമാനത്തെക്കാള്‍ കുറവാണ്.നാഷണല്‍ സ്റ്റാറ്റിക്സ് നല്‍കുന്ന വിവരമനുസരിച്ച് പഞ്ചസാര, മുട്ട, ഗാർഹിക വസ്തുക്കള്‍ തുടങ്ങിയവയുടെ വില കുറവുമൂലം ഭക്ഷ്യ വിലപ്പെരുപ്പം കുത്തനെ ഇടിഞ്ഞതാണ് സി.പി.ഐ താഴേക്ക് പോകാൻ കാരണം. റീടെയില്‍ ഇൻഫ്ലേഷൻ കുറയുന്നത് വഴി ഗാർഹിക ചെലവുകള്‍ ലാഭിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്തയില്‍ വലിയ വർധന പ്രതീക്ഷിക്കാനാകില്ല.സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളില്‍ ക്ഷാമബത്ത വർധനവ് പ്രഖ്യാപിക്കാറില്ല. മാർച്ചില്‍ ഉത്സവ സീസണില്‍ ക്ഷാമബത്ത വർധനവ് പ്രഖ്യാപിച്ച ശേഷം അടുത്ത വർധനവ് സെപ്തംബർ, ഒക്ടോബർ മാസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.അങ്ങനെ നോക്കുമ്ബോള്‍ അടുത്ത മാസം അത്തരത്തിലൊരു പ്രഖ്യാപനം ഉണ്ടാകുമോ എന്നതും സംശയമാണ്. എന്നാല്‍ എപ്പോഴെങ്കിലും ആ പ്രഖ്യാപനം ഉണ്ടായാല്‍ ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തിലാണ് വരിക. എട്ടാം ശമ്പള കമീഷന്‍റെ രൂപീകരണം ഇനിയും വൈകാനുള്ള സൂചനകളാണ് ലഭിച്ചു വരുന്നത്. പേ പാനലില്‍ സർക്കാർ പല പോസ്റ്റുകളില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.