കേരളത്തിൽ വ്യവസായം തുടങ്ങാൻ ആരംഭിക്കുന്നവർക്ക് സ്വാഗതം

ചെന്നൈ: കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കാൻ വ്യവസായ വകുപ്പും സംസ്ഥാന സർക്കാറും സന്നദ്ധരെന്ന് മന്ത്രി പി. രാജീവ്. ജനുവരിയിൽ കേരളത്തിൽ നടക്കാൻപോകുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായി നടത്തുന്ന പ്രാഥമിക കൂടിക്കാഴ്ചയുടെ ആദ്യ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ വ്യവസായം ആരംഭിക്കുന്നവർ നേരിട്ടിരുന്ന പ്രതിസന്ധികളെയും പരിഹരിച്ചു കഴിഞ്ഞു. കൂടാതെ ലൈസൻസ് നടപടിക്രമങ്ങൾ ഏകജാലകം വഴി സുഖമമാക്കി. ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന കാലതാമസം പരിഹരിക്കാൻ കേന്ദ്രീകൃത സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും രാജീവ് കൂട്ടിച്ചേർത്തു. ഭൂമി കണ്ടെത്താനുള്ള ബുദ്ധിമുട്ട് സ്വകാര്യ വ്യവസായ പാർക്കുകളുടെ സഹകരണം വഴി മറികടക്കാനുള്ള ശ്രമത്തിലാണ്. 27 സ്വകാര്യ വ്യവസായ പാർക്കുകൾ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു.