യു.പി.ഐ ഇടപാട് ഇനി അതിവേഗത്തിൽ

ന്യൂഡല്‍ഹി:അതിവേഗത്തില്‍ ഇനി യു.പി.ഐ പണമിടപാടുകള്‍ നടത്താം . നാഷനല്‍ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) മാർഗനിർദേശങ്ങള്‍ അനുസരിച്ച് ജൂണ്‍ 16 മുതല്‍ ഇടപാടുകള്‍ പൂർത്തിയാക്കാനെടുക്കുന്ന സമയം 30 സെക്കൻഡില്‍നിന്ന് 10-15 സെക്കൻഡായി കുറച്ചു. യു.പി.ഐ ആപ്പിലൂടെ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ പ്രതിദിനം 50 തവണയെ സാധിക്കൂ എന്ന നിബന്ധന ഉടൻ പ്രാബല്യത്തിലാകും. ഉപയോക്താക്കള്‍ക്ക് പേര് എഡിറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറുകള്‍ പ്രവർത്തനരഹിതമാക്കുകയും ഉദ്ദേശിച്ചയാള്‍ക്ക് തന്നെയാണ് പണം അയക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായി യു.പി.ഐ ആപുകളില്‍ യഥാർഥ ഗുണഭോക്താവിന്റെ പേര് മാത്രം കാണിക്കണമെന്ന് നിർബന്ധമാക്കി. ജൂണ്‍ 30നകം ഈ അപ്‌ഡേറ്റുകള്‍ നടപ്പിലാക്കും. യു.പി.ഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം മേയ് മാസത്തില്‍ 33 ശതമാനം വർധിച്ച് 1868 കോടിയും തുക 23 ശതമാനം ഉയർന്ന് 25.14 ലക്ഷം കോടി രൂപയുമായിരുന്നു.