ട്രംപിന്റെ താരിഫ് നയം: അമേരിക്കയില്‍ കാറുകളുടെ വില കൂടും

അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് മൂലം കാർ വാങ്ങുന്നവര്‍ക്ക് മേല്‍ 3000 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍. ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അലിക്‌സ് പാര്‍ട്‌ണേഴ്‌സിന്റെ വിലയിരുത്തൽ പ്രകാരം ഒരു വാഹനത്തിന് ശരാശരി 2,000 ഡോളര്‍ കൂടുതല്‍ നല്‍കേണ്ടി വരും. വാഹന നിര്‍മാതാക്കള്‍ തീരുവയുടെ 80 ശതമാനവും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കൻ സര്‍ക്കാരിന്റെ ഇ.വി വിരുദ്ധ നയം കാരണം ആഗോള വിപണിയില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ പിന്തള്ളപ്പെടുമെന്നും അലിക്‌സ് മുന്നറിയിപ്പ് നല്‍കുന്നു.ഈ വര്‍ഷം ജനറല്‍ മോട്ടോഴ്‌സ് 500 കോടി ഡോളറിന്റെയും ഫോഡ് മോട്ടോര്‍ കമ്പനി 250 കോടി ഡോളറിന്റെയും തീരുവ ബാധ്യത പ്രതീക്ഷിക്കുന്നതായി നേരത്തെ തന്നെ പറഞ്ഞിരുന്നു. നഷ്ടം വില ക്രമീകരിക്കുന്നതിലൂടെ നികത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഉയര്‍ന്ന വില കാരണം അമേരിക്കയിലെ വാഹന വില്പനയില്‍ 10 ലക്ഷത്തിന്റെ കുറവുണ്ടാകുമെന്നും വേക്ക്ഫീല്‍ഡ് പറഞ്ഞു. തീരുവയുടെ ബാധ്യത കുറയുന്നതോടെ 2030 ആകുമ്പോഴേയ്ക്കും വാഹന വില്പന 1.7 കോടിയിലെത്തും. കഴിഞ്ഞ വര്‍ഷത്തെ വില്പനയേക്കാള്‍ 10 ലക്ഷം കൂടുതലാണിതെന്നും കണ്‍സള്‍ട്ടന്‍സി സ്ഥാപനം വ്യാക്തമാക്കി. 2030 ഓടെ അമേരിക്കയിലെ ഇ.വി വില്പന 17 ശതമാനത്തിലൊതുങ്ങുമെന്നും അലിക്‌സ് പാര്‍ട്‌ണേഴ്‌സ് കരുതുന്നു. നേരത്തെ 31 ശതമാനമാകുമെന്നായിരുന്നു പ്രവചനം.ഹൈബ്രിഡ് വാഹനങ്ങളുടെ വിഹിതം 27 ശതമാനമാകുമെന്നും വിലയിരുത്തുന്നു.