നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ട്രംപ്; തീരുവ ഉടന്‍ പുനരാരംഭിക്കും. കരാറുകളില്ലാത്ത രാജ്യങ്ങള്‍ക്ക് പുതിയ തീരുവ ചുമത്തുമെന്നും ഭീഷണി

പകരചുങ്കത്തിന് അമേരിക്ക ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ഇളവ് ജൂലൈ 9ന് അവസാനിക്കുകയാണ്.അമേരിക്കയുമായി വ്യാപാര കരാറിലെത്താന്‍ രാജ്യങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ നിര്‍ണായക വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കരാറില്‍ എത്താന്‍ രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇളവ് തുടര്‍ന്നും കിട്ടാന്‍ പോവുന്ന രാജ്യങ്ങളെ കുറിച്ച് വൈറ്റ് ഹൗസ് സൂചനയൊന്നും പുറത്ത് വിട്ടിട്ടുമില്ല. ഇതോടെയാണ് ആഗോള നിക്ഷേപകര്‍ സമ്മര്‍ദ്ദത്തിലായത്.എന്നാല്‍ നിലവില്‍ ധാരണയിലെത്താത്ത രാജ്യങ്ങള്‍ക്കായിരിക്കും ട്രംപ് ഇനി അധിക തീരുവ പ്രഖ്യാപിക്കുക. അവ അമേരിക്കയുടെ ചെറിയ വ്യാപാര പങ്കാളികളായിരിക്കുമെന്നാണ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കിയത്. ഇറക്കുമതിയെ ആശ്രയിക്കുന്ന കമ്പനികള്‍ക്ക്, പ്രത്യേകിച്ച് നിര്‍മ്മാതാക്കള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും താരിഫുകള്‍ ചെലവ് വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന താരിഫുകള്‍ കാരണം ഓട്ടോമോട്ടീവ്, സാങ്കേതികവിദ്യ, ഉപഭോക്തൃ വസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള ചെലവ് ആഘാതം ഉണ്ടായേക്കാമെന്നുമാണ് വിലയിരുത്തൽ.