ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയില്ലെന്ന് ട്രംപ്

ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തിവെച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെച്ചാല്‍ മാത്രമെ ചര്‍ച്ചയുടെ കാര്യം പരിഗണിക്കു എന്നാണ് ട്രംപിന്റെ നിലപാട്. യുഎസ് – ഇന്ത്യ വ്യാപാര സംഘര്‍ഷങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ നിലയിലേക്ക് എത്തുകയാണ്.റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും മറ്റുള്ളവര്‍ റഷ്യന്‍ ഊര്‍ജ്ജം വാങ്ങുന്നത് തുടരുകയാണെന്നും ഇന്ത്യ തിരിച്ചടിച്ചിരുന്നു.
മാസ്‌കോയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ ‘ദ്വിതീയ ഉപരോധങ്ങള്‍’ ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള മുന്നറിയിപ്പ്. ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം അധിക വ്യാപാര തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ബുധനാഴ്ച ഒപ്പുവച്ചു, ഇതോടെ മൊത്തം ലെവി 50 ശതമാനമായി. പുതിയ താരിഫുകള്‍ ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും. താരിഫ് വര്‍ദ്ധനവിനെതിരെ പ്രതികരിച്ച ഇന്ത്യ, ഈ നീക്കത്തെ ‘അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണ് ‘ എന്ന് വിമര്‍ശിച്ചു.