തെങ്ങുകളുടെ എണ്ണം കുറയുന്നു നാളികേരത്തിന്റെ വില ഉയരുന്നു

കടുത്തുരുത്തി : പത്തുവർഷത്തിനിടെ നാളികേരത്തിന് വർധിച്ചത് 68 രൂപ. 2015ല്‍ ഒരുകിലോയ്ക്ക് ശരാശരി വില 25 രൂപയായിരുന്നത് ഇപ്പോള്‍ 93 രൂപ വരെയായി.
കഴിഞ്ഞവർഷം 60 രൂപവരെ എത്തിയ നാളികേരവില ഒറ്റ വർഷംകൊണ്ട് 30 രൂപയാണ് വർധിച്ചത്. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വൻതോതില്‍ വർധിച്ചത്.
പാലക്കാട്, പൊള്ളാച്ചി, മൈസൂർ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും തേങ്ങ എത്തിയിരുന്നത്. രണ്ടുമാസമായി തേങ്ങാ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് കുറുപ്പന്തറയിലെ വിഎസ് വെജിറ്റബിള്‍ ഉടമയായ സത്താർ പറയുന്നു.
മുമ്പ് ഒരുവർഷം 35,000 തേങ്ങാ വിറ്റിരുന്ന സ്ഥാനത്ത്, ഇന്ന് ആകെ 15,000 തേങ്ങായേ ലഭിക്കുന്നുള്ളൂവെന്ന് നാളികേര കർഷകനായ ഉദയനാപുരം മണിപ്പാടത്ത് എം.ജെ. വർഗീസ് പറയുന്നു. 2012-ല്‍ രൂപവത്കരിച്ച ഉദയനാപുരം സർവോദയ നാളികേര ഉത്പാദക സംഘം കേരകർഷകർക്ക് പരമാവധി വില നല്‍കിയാണ് സംഭരിക്കുന്നത്. നേരിയ ലാഭംമാത്രം എടുത്താണ് വിപണനമെന്ന് സംഘം പ്രസിഡന്റ് വർഗീസ് പറയുന്നു.
നാലുമുതല്‍ അഞ്ചുവർഷം വരെയുള്ള കാലയളവില്‍ തെങ്ങിനെ പരിപാലിച്ച് വളർത്തിയെടുത്താലേ വിളവിലേക്ക് എത്തൂ. ഈ സമയത്ത് രോഗങ്ങള്‍ മൂലവും ചെല്ലി ആക്രമണത്തിലും മുകള്‍ഭാഗം നശിക്കുന്നതായി കർഷകനായ ഏറ്റുമാനൂർ സ്വദേശി സിബി പറയുന്നു. 10 വർഷംമുമ്പ് 400-ലേറെ അധികം തെങ്ങില്‍നിന്ന് ആദായം ലഭിച്ചിരുന്നു. ഇപ്പോള്‍ ആകെയുള്ളത് 40-ല്‍ താഴെ തെങ്ങുകള്‍ മാത്രമാണെന്നും സിബി പറയുന്നു.
കൊപ്രയുടെ ക്ഷാമമാണ് വെളിച്ചെണ്ണവില കൂടാൻ കാരണമെന്ന് വൈക്കം വട്ടത്തറ ഓയില്‍ മില്‍ ഉടമയായ പാപ്പച്ചൻ പറഞ്ഞു. നിലവില്‍ കിലോയ്ക്ക് 470 രൂപയ്ക്കാണ് വെളിച്ചെണ്ണ വില്‍ക്കുന്നത്. ഒരുകിലോ വെളിച്ചെണ്ണ ലഭിക്കാൻ ഒന്നരക്കിലോ കൊപ്രാ വേണം. കൊപ്രായ്ക്കുതന്നെ 450 രൂപ കിലോയ്ക്ക് കൊടുക്കണം. മറ്റ് ചെലവുകള്‍കൂടി കഴിഞ്ഞാല്‍ മില്ലുകാർക്ക് ലാഭമൊന്നും കിട്ടാത്ത അവസ്ഥയാണെന്ന് പാപ്പച്ചൻ പറയുന്നു.