July 31, 2025

രാജ്യത്തെ തേയില കയറ്റുമതി മേഖല ആശങ്കയിൽ

0
images

ഇറാൻ-ഇസ്രായേല്‍ സൈനിക നടപടി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ തേയില കയറ്റുമതി മേഖലയിൽ ആശങ്ക. ഓരോ വർഷവും ഇന്ത്യ ഏകദേശം 350 ലക്ഷം കിലോ തേയിലയാണ് ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇറാന്‍ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയുമാണ്.

ഇറാൻ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന അസമില്‍ നിന്നുള്ള തേയില കൈകാര്യം ചെയ്യുന്നവർക്ക് നിലവിലെ സംഘർഷാവസ്ഥ ബുദ്ധിമുട്ടാകും. കയറ്റുമതിയിലും ഉല്‍പന്നത്തിന് പണം ലഭിക്കുന്നതിലും അനിശ്ചിതത്വം വർധിച്ചുവരുന്നതിന്നാൽ ഇവയുടെ വില്‍പനയും വിലയും കുറയാനിടയാക്കും. സംഘർഷം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തേയില വില ഏകദേശം 5-10 ശതമാനം വരെ കുറഞ്ഞു.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയോ സംഘർഷം പശ്ചിമേഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയോ ചെയ്താല്‍, വിതരണ ശൃംഖലയെ സാരമായി ബാധിക്കുമെന്ന് കയറ്റുമതിക്കാർ മുന്നറിയിപ്പ് നല്‍കുന്നു. ഇറാൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഇറാഖ് തുടങ്ങിയവ ഉ ള്‍പ്പെടെയുള്ള വിശാലമായ പശ്ചിമേഷ്യൻ വിപണി ഏകദേശം 900 ലക്ഷം കിലോഗ്രാം ഇന്ത്യൻ തേയിലയുടെ ഉപഭോക്താക്കളാണ്.

യുദ്ധം നീണ്ടുപോയാല്‍ കടത്ത്, ഇൻഷുറൻസ് ചെലവുകള്‍ ഉയരുമെന്ന് സൗത്ത് ഇന്ത്യ ടീ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ചെയർമാൻ ദീപക് ഷാ ആശങ്ക പ്രകടിപ്പിച്ചു. സംഘർഷ മേഖലയിലേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ അപകടസാധ്യത ആരും ഏറ്റെടുക്കാൻ ആഗ്രഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി കഴിഞ്ഞ വർഷം ജനുവരി മുതല്‍ ഡിസംബർ വരെ കാലയളവില്‍ 9.92 ശതമാനം ഉയർന്ന് 254.67 ദശലക്ഷം കിലോഗ്രാമായിരുന്നു. 2023ല്‍ ഇത് 231.69 ദശലക്ഷം കിലോഗ്രാമായിരുന്നു. ഈ വർഷം ജനുവരി മുതല്‍ മാർച്ച്‌ വരെ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി നേരിയ തോതില്‍ വർദ്ധിച്ച് 69.22 ദശലക്ഷം കിലോ ആയിരിക്കുന്നു. മുൻ വർഷം ഇതേ കാലയളവില്‍ ഇത് 67.53 ദശലക്ഷം കിലോഗ്രാം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *