ടെസ്‌ലയുടെ ഇന്ത്യയിലേ ആദ്യ ഷോറൂം മുംബൈയില്‍

മുംബൈ: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയില്‍ തുറക്കും.യൂറോപ്പ്, ചൈന വിപണികളില്‍ വാഹന വില്‍പ്പന കുറയുന്നതിനിടെയാണ് ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ കാർ വിപണിയാണ് ഇന്ത്യ. ചൈനയിലും യൂറോപ്പിലും വില്‍പ്പന മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യൻ വിപണിയെ പ്രതീക്ഷയോടെയാണ് ടെസ്‌ല കാണുന്നത്.ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളാണ് ആദ്യം ഷോറൂമില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക. ആദ്യ സെറ്റ് കാറുകള്‍ ഇന്ത്യയില്‍ എത്തിയതായാണ് റിപ്പോർട്ടുകള്‍. ടെസ്‌ലയുടെ മോഡല്‍-വൈ റിയർ വീല്‍ ഡ്രൈവ് എസ്യുവി കാറുകളായിരിക്കും ആദ്യം ഇന്ത്യൻ നിരത്തിലേക്ക് എത്തിക്കുക.ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഇലക്‌ട്രിക് കാറാണ് മോഡല്‍ വൈ. കാറിനൊപ്പം സൂപ്പർ ചാർജർ ഘടകങ്ങള്‍, കാർ ആക്സസറികള്‍, ഉത്പന്നങ്ങള്‍, സ്പെയറുകള്‍ എന്നിവയും യുഎസ്, ചൈന, നെതർലൻഡ്സ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.ജൂലൈ പകുതിയോടെ മുംബൈയില്‍ ആദ്യ ഷോറൂം തുറക്കും. ന്യൂഡല്‍ഹിയിലും ടെസ് ല ഷോറൂം ആരംഭിക്കാനും ലക്ഷ്യമിടുന്നു.ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വർഷങ്ങളായുള്ള കാത്തിരിപ്പാണ് അവസാനിക്കുക. താരിഫുകളും പ്രാദേശിക ഉത്പാദനവും സംബന്ധിച്ച് മസ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ടെസ്‌ലയുടെ വരവ് നീട്ടിക്കൊണ്ടുപോയത്.ഫെബ്രുവരിയില്‍ യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മസ്കും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച നടത്തിയതാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വഴിതുറന്നത്.