ടാറ്റയുടെ നേതൃത്വത്തിൽ എയർ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി: നഷ്ടം കുറഞ്ഞു, വരുമാനം വർധിച്ചു

ടാറ്റ ഗ്രൂപ്പിന്റെ കൈകളിലെത്തിയ ശേഷം എയര്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകളാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022-2023 സാമ്പത്തിക വര്‍ഷത്തിലെ 11,388 കോടി രൂപയുടെ നഷ്ടം 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 4,444 കോടി രൂപയായി കുറഞ്ഞു. ഇതിന്‍റെ ഭാഗമായി, എയര്‍ ഇന്ത്യയുടെ വിറ്റുവരവ് 23 ശതമാനം വര്‍ധിച്ച് 38,812 കോടി രൂപയായി.ടാറ്റ സണ്‍സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈന്‍ ബിസിനസുകള്‍ മുന്‍ വര്‍ഷത്തെ 15,414 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 6,337 കോടി രൂപയിലേക്ക് കുറഞ്ഞതായി കാണിക്കുന്നു. ഈ കണക്കില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ടാറ്റ എസ്ഐഎ എയര്‍ലൈന്‍സ് (വിസ്താര), എഐഎക്സ് കണക്ട് (എയര്‍ ഏഷ്യ ഇന്ത്യ) എന്നിവ ഉള്‍പ്പെടുന്നു. 2022ല്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ, 2024 സാമ്പത്തിക വര്‍ഷത്തില്‍ 51,365 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന ഏകീകൃത വരുമാനമെത്തി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം കൂടുതലാണ്. സീറ്റുകളുടെ കപ്പാസിറ്റി 105 ബില്യണായി ഉയര്‍ന്നപ്പോള്‍, പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 85% ആയി.ടാറ്റ എസ്ഐഎ എയര്‍ലൈന്‍സിന്‍റെ (വിസ്താര) വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 29% വര്‍ധനയോടെ 15,191 കോടി രൂപയായി. എസ്ഐഎ എയര്‍ലൈന്‍സിന്‍റെ നഷ്ടം 1,394 കോടി രൂപയില്‍ നിന്ന് 581 കോടി രൂപയായി കുറച്ചു. ഡിജിസിഎ നല്‍കിയ കണക്കുകളനുസരിച്ച്, 2023 ജൂലൈ അവസാനത്തോടെ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വിപണിയിലെ 28.8% എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. 2027ആകുമ്പോഴേക്കും 30% വിപണി പിടിക്കാനുള്ള ലക്ഷ്യവുമായി എയര്‍ ഇന്ത്യ മുന്നോട്ട് പോകുന്നു.