ടൂറിസം മേഖലയ്ക്ക് സ്റ്റാർട്ടപ്പ് ആശയങ്ങൾ; ധാരണപത്രം ഒപ്പിട്ട് കേരള സ്റ്റാർട്ടപ്പ് മിഷനും ടൂറിസം വകുപ്പും

കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ പുതുമയുള്ള ആശയങ്ങളുടെയും സംരംഭകത്വത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പുവച്ചു.
ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനും കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും ധാരണാപത്രം ഒപ്പിട്ടു. പുതിയ ആശയങ്ങൾ ഉൾപ്പെടുത്തി ആധുനിക കാരവാൻ പാർക്കുകൾ, സ്റ്റാർട്ടപ്പ് പോഡ് പദ്ധതി, ക്ലീൻ ടോയ്ലറ്റ് സംവിധാനം, ബഹുഭാഷാ ഇൻഫർമേഷൻ കിയോസ്കുകൾ, ഫ്രീഡം സ്ക്വയർ തുടങ്ങിയ പദ്ധതികളാണ് ഇതിൽ പ്രാമുഖ്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിനോദ സഞ്ചാര മേഖലയിലെ സാങ്കേതികവിദ്യകൾ വികസിപ്പിച്ച് സേവനങ്ങൾ മെച്ചപ്പെടുത്താൻ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകാൻ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം ഇന്നൊവേഷൻ സെൻറർ പ്രവർത്തനമാരംഭിക്കും.