സുരക്ഷാ ഭീഷണി: ടെലിഗ്രാം, വാട്‌സ്ആപ്പ് കോളുകൾ നിരോധിച്ച് റഷ്യ

This photo taken on March 23, 2022 shows the mobile messaging and call service Telegram logo and US instant messaging software Whatsapp logo on a smartphone screen in Moscow. (Photo by AFP)
ഇൻ്റർനെറ്റ് നിയന്ത്രണം കർശനമാക്കുന്നതിൻ്റെ ഭാഗമായി ടെലിഗ്രാം, വാട്‌സ്ആപ്പ് എന്നീ മെസേജിങ് ആപ്പുകളിലെ കോളുകൾ നിയന്ത്രിച്ച് റഷ്യ. ആപ്പുകളിലെ കോളുകൾ ഭാഗികമായി നിയന്ത്രിക്കുന്നതായി റഷ്യൻ അധികൃതർ പ്രഖ്യാപിച്ചു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഈ നടപടി ആവശ്യമാണെന്നാണ് സർക്കാറിൻ്റെ മീഡിയ ആൻഡ് ഇൻ്റർനെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സറുടെ ന്യായീകരണം.ഇന്റർനെറ്റ് നിയന്ത്രണത്തിൻ്റെ ഭാഗമായി നിരവധി നടപടികൾ റഷ്യൻ അധികാരികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
ഇൻ്റർനെറ്റ് നിയന്ത്രണ നിയമങ്ങൾ രൂപീകരിച്ച റഷ്യ, ഇവ പാലിക്കാത്ത വെബ്സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും നിരോധിക്കുകയും ചെയ്തു. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) സേവനങ്ങൾ ഉപയോഗിച്ച് ഈ നിയന്ത്രണങ്ങൾ മറികടക്കാൻ സാധ്യമാണെങ്കിലും, അവയും പലപ്പോഴും രാജ്യം തടയും. അടുത്തിടെ ഇന്റർനെറ്റ് കണക്ഷനുകൾ വ്യാപകമായി വിച്ഛേദിച്ച രാജ്യം, നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം തിരയുന്ന ഉപയോക്താക്കളെ ശിക്ഷിക്കുന്ന നിയമം പാസാക്കുകയും ചെയ്തിരുന്നു.