വില്‍പ്പനയില്‍ വർധനവുമായി റോയല്‍ എന്‍ഫീല്‍ഡ്

മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ജൂണിലെ വില്‍പ്പനയില്‍ 22 ശതമാനം വര്‍ധനവ്. 89,540 യൂണിറ്റുകളാണ് ജൂണില്‍ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 73,141 യൂണിറ്റായിരുന്നു.കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പന 76,957 യൂണിറ്റായിരുന്നു. 2024 ജൂണില്‍ ഇത് 66,117 യൂണിറ്റായിരുന്നു, ഇത് 16 ശതമാനം വര്‍ധനവാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
കയറ്റുമതി 79 ശതമാനം വര്‍ധിച്ച് 12,583 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,024 യൂണിറ്റായിരുന്നു.’ജൂണില്‍ ശക്തമായ ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചു, ഇത് എല്ലാ വിപണികളിലും ഞങ്ങള്‍ വളര്‍ത്തിയെടുത്ത സ്ഥിരതയുടെ പ്രതിഫലനമാണ്. ഇന്ത്യയില്‍ മാത്രമല്ല, നിരവധി പ്രധാന ആഗോള വിപണികളിലും ഞങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു,’ റോയല്‍ എന്‍ഫീല്‍ഡ് സിഇഒ ബി ഗോവിന്ദരാജന്‍ പറഞ്ഞു.
ജൂണില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മൊത്തം വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ധിച്ച് 4,02,001 യൂണിറ്റായി.2024 ജൂണില്‍ കമ്പനി ആകെ 3,33,646 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 ജൂണില്‍ 3,22,168 യൂണിറ്റുകളില്‍ നിന്ന് 2025 ജൂണില്‍ 3,85,698 യൂണിറ്റായി വില്‍പ്പന വര്‍ദ്ധിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര ഇരുചക്ര വാഹന വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ 2,55,734 യൂണിറ്റുകള്‍ വില്‍പ്പന നടന്നപ്പോള്‍ ഈ വര്‍ഷം ജൂണില്‍ 2,81,012 യൂണിറ്റായി വില്‍പ്പന വര്‍ദ്ധിച്ച് 10 ശതമാനം വളര്‍ച്ച കൈവരിച്ചു. ജൂണില്‍ മുച്ചക്ര വാഹന വില്‍പ്പന 42 ശതമാനം വര്‍ധിച്ച് 16,303 യൂണിറ്റായി.ജൂണില്‍ കമ്പനിയുടെ മൊത്തം കയറ്റുമതി 54 ശതമാനം വര്‍ധിച്ച് 1,17,145 യൂണിറ്റായി.