അര്‍ബുദ ചികിത്സയില്‍ വിപ്ലവം; അര്‍ബുദകോശങ്ങളെ സ്വാഭാവിക കോശങ്ങളാക്കി മാറ്റുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു

അര്‍ബുദ ചികിത്സയെ സമ്പൂര്‍ണ്ണമായി മാറ്റിമറിക്കുന്ന കണ്ടെത്തലുമായി ദക്ഷിണകൊറിയയിലെ ഗവേഷകര്‍. അര്‍ബുദകോശങ്ങളെ സാധാരണ കോശങ്ങളായി മാറ്റാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും രോഗം തിരിച്ചുവരാന്‍ സാധ്യത കുറവാണെന്നതുമാണ് ഇതിന്റെ പ്രത്യേകത. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ പുതുപയറ്റത്തിന് പിന്നില്‍.
ഇപ്പോഴത്തെ ചികിത്സാരീതിയില്‍ അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍, ഈ പുതിയ രീതിയില്‍ അര്‍ബുദകോശങ്ങളെ സാധാരണ കോശങ്ങളുടെ രൂപത്തിലേക്ക് മാറ്റുന്നു. സാധാരണ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ബാധകമായ ജീന്‍ നെറ്റ്‌വര്‍ക്കിന്റെ കംപ്യൂട്ടര്‍ മാതൃകയിൽ ഗവേഷകര്‍ നിര്‍മിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അര്‍ബുദകോശങ്ങളെ സാധാരണനിലയിലേക്ക് മാറ്റാന്‍ കഴിയുന്ന തന്മാത്രകളുടെ കണ്ടെത്തല്‍. ഗവേഷണത്തില്‍ ആദ്യം കുടലിലെ അര്‍ബുദകോശങ്ങളാണ് മാറ്റിയെടുത്തത്. തന്മാത്രാധിഷ്ഠിതമായ പരീക്ഷണങ്ങള്‍,
കോശപഠനങ്ങള്‍, ജന്തുക്കളിലുള്ള പരീക്ഷണങ്ങള്‍ എന്നിവ വഴിയാണ് കണ്ടെത്തലിന്റെ ഫലപ്രാപ്തി സ്ഥിരീകരിച്ചത്. അടുത്ത ഘട്ടം മറ്റു അര്‍ബുദകോശങ്ങളില്‍ സമാനമായ പരീക്ഷണം നടത്തുകയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. പഠനത്തിന്റെ വിശദാംശങ്ങള്‍ ‘അഡ്വാന്‍സ്ഡ് സയന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.