വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ; ഈ ആഴ്ച മുതൽ നടപ്പാക്കും

തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍മാത്രമേ ഇനി അനുവദിക്കൂ എന്നാണ് പുതിയ തീരുമാനം. പ്ലാറ്റ്‌ഫോമിലെയും തീവണ്ടികളിലെയും തിരക്കുകുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ മാറ്റം മിക്ക റെയില്‍വേ സോണുകളിലും ഈയാഴ്ചതന്നെ നടപ്പാക്കിക്കഴിഞ്ഞു.
ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് ഓരോ റെയില്‍വേ സോണും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതുവരെ അവലംബിച്ചിരുന്നത്. എസി കോച്ചുകളില്‍ 300 വരെയും സ്ലീപ്പറില്‍ 400 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കാറുണ്ട്. ബെര്‍ത്ത് കിട്ടുമെന്ന പ്രതീക്ഷയില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവരും വണ്ടിയില്‍ കയറുന്നത് പലപ്പോഴും തിക്കും തിരക്കുമുണ്ടാവാനും സംഘര്‍ഷത്തിനും വഴിവെക്കാറുണ്ട്.
ഇതൊഴിവാക്കാനാണ് പുതിയ രീതി ഏര്‍പ്പെടുത്തിയത്.വിവിധ ക്വാട്ടകളിലേക്ക് മാറ്റിവെച്ചതിനുശേഷം ഓരോ വിഭാഗത്തിലുമുള്ള മൊത്തം സീറ്റിന്റെ 25 ശതമാനം ടിക്കറ്റാണ് അതത് വിഭാഗത്തില്‍ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നല്‍കുക.
ഓരോ വിഭാഗത്തിലും ശരാശരി 20-25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളാണ് കണ്‍ഫേം ആകുന്നത് എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്. നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചാല്‍ ‘റിഗ്രറ്റ്’ എന്നു കാണിക്കും. അവര്‍ക്ക് തത്കാല്‍ റിസര്‍വേഷനെയോ ജനറല്‍ കോച്ചിനെയോ ആശ്രയിക്കേണ്ടിവരും. ഭിന്നശേഷിക്കാര്‍ക്കും പട്ടാളക്കാര്‍ക്കും മറ്റുമുള്ള പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല.