ഡിജിറ്റല്‍ പേയ്മെന്റിലേക്ക് മാറാന്‍ പോസ്റ്റ് ഓഫീസുകള്‍; ഓഗസ്റ്റ് 1 മുതൽ ലഭ്യമാകും

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി പണം സ്വീകരിക്കാന്‍ സൗകര്യം. തപാൽ വകുപ്പിന്റെ ഐടി സംവിധാനത്തില്‍ പുതിയ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തിയാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ സംവിധാനവുമായി ബന്ധിപ്പിക്കുന്നതില്‍ തടസ്സങ്ങളുണ്ടായതാണ് കൗണ്ടറുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം വൈകിയത്.
ഇതിനു പരിഹാരം കണ്ടെത്താനാണ് പുതിയ ആപ്ലിക്കേഷന്‍ ഐടി സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ ഡൈനാമിക് ക്യുആര്‍ കോഡ് വഴി കൗണ്ടറുകളില്‍ പണം സ്വീകരിക്കും. 2025 ഓഗസ്റ്റോടെ ഇത് എല്ലാ പോസ്റ്റോഫീസുകളിലും നടപ്പാക്കും. കര്‍ണാടക സര്‍ക്കിളില്‍ മൈസൂരു, ബാഗല്‍കോട്ട് ഹെഡ് ഓഫീസ് പരിധിയിലുള്ള തപാലോഫീസുകളിലായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തിൽ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ആദ്യം നടപ്പാക്കിയത്. ക്യുആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകള്‍ തുടങ്ങിയിരുന്നെങ്കിലും തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.