വസ്തുനികുതിയുടെ പിഴപ്പലിശ 2025 മാർച്ച് 31 വരെ ഒഴിവാക്കി: മന്ത്രി എം.ബി. രാജേഷ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2025 മാർച്ച് 31 വരെ ഒഴിവാക്കി. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
വസ്തുനികുതി പരിഷ്കരണം നടപ്പിലാക്കിയ വർഷം എന്ന നിലയിലും ഇളവ് അനിവാര്യമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പരമാവധി ആളുകൾക്ക് വസ്തുനികുതി കുടിശിക അടച്ചുതീർക്കുന്നതിന് ഈ ഇളവ് സഹായിക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. ഇതിനകം തന്നെ വസ്തുനികുതിയോടൊപ്പം പിഴപ്പലിശ അടച്ചവർക്ക്, അടുത്ത വർഷത്തെ വസ്തുനികുതിയിൽ ഈ തുക ക്രമീകരിച്ചു നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാർച്ച് 31 നകം നികുതിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.