‘സംരംഭക വർഷം’ പദ്ധതിയിലൂടെ കേരളത്തിൽ ഒരു ലക്ഷം വനിതാ സംരംഭകർ

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ ‘സംരംഭക വർഷം’ പദ്ധതിയിലൂടെ കേരളത്തിൽ ഒരു ലക്ഷം വനിതകൾ സംരംഭകരായി മാറിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ദേശീയ ചരിത്രത്തിൽ തന്നെ ഒരു സമാന അനുഭവം കാണാൻ സാധിക്കാത്ത നേട്ടമാണിതെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ രേഖപ്പെടുത്തി.ഇന്ത്യയിലുടനീളം എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് ആയി അംഗീകരിക്കപ്പെട്ട ‘സംരംഭക വർഷം’ പദ്ധതിയിലൂടെ 3,15,586 സംരംഭങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടതായും, ഇതിൽ 1,01,048 സംരംഭങ്ങളും വനിതകൾ ആരംഭിച്ചതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മൊത്തം സംരംഭങ്ങളിൽ 32% സംരംഭങ്ങൾ സ്ത്രീകളുടെ നേതൃത്വത്തിലാണെന്നതാണ് ഈ നേട്ടത്തിന്റെ പ്രധാന സവിശേഷത. മൂലധന നിക്ഷേപം 4115.65 കോടി രൂപയാണെന്നും, ഇതിലൂടെ 2 ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സംരംഭക വർഷം’ പദ്ധതിയുടെ നേട്ടം ‘ഇസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ’ കേരളത്തിന് ദേശീയ തലത്തിൽ ഒന്നാമത്തെ സ്ഥാനത്തെത്താൻ സഹായകമായെന്ന് മന്ത്രി വ്യക്തമാക്കി.