ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍

വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍. 42,000 റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏര്‍പ്പെടുത്തുന്നത്. 2028 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എണ്ണ വരുമാനത്തിലുള്ള ആശ്രയം കുറച്ചുകൊണ്ട് സര്‍ക്കാരിലേക്കുള്ള വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച രാജകീയ ഉത്തരവ് ഒമാന്‍ ഭരണാധികാരിയാണ് പുറപ്പെടുവിച്ചത്.
ഇതോടെ വ്യക്തഗത ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകും ഒമാന്‍ . വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അനന്തരാവകാശം, സകാത്ത്, സംഭാവനകള്‍, പ്രാഥമിക ഭവനം, മറ്റ് ഘടകങ്ങള്‍ തുടങ്ങിയ സാമൂഹിക പരിഗണനകള്‍ കണക്കിലെടുത്ത് കിഴിവുകളും ഇളവുകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും ആവശ്യകതകളും പൂര്‍ത്തിയായതായി വ്യക്തിഗത ആദായ നികുതി പ്രോജക്ട് ഡയറക്ടര്‍ കരീമ മുബാറക്ക് അല്‍ സാദി അറിയിച്ചു. നികുതി ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഇളവുകള്‍ സംബന്ധിച്ചും മറ്റുമായി സമ?ഗ്രമായ പഠനം നടത്തിയിരുന്നെന്നും ഒമാന്‍ ജനതയുടെ 99 ശതമാനം പേരും നികുതി അടയ്ക്കുന്നതില്‍ നിന്ന് മുക്തമാണെന്നും അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.