ന്യൂസിലന്‍ഡ് പ്രധാനമന്ത്രി മാര്‍ച്ച് 16ന് ഇന്ത്യയിലെത്തും

ഇന്ത്യ സന്ദർശനത്തിനായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ മാര്‍ച്ച് 16 മുതല്‍ 20 വരെ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ലക്‌സണ്‍ ഇന്ത്യയിലെത്തുന്നത്.
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി എന്ന നിലയില്‍ ലക്സണിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. മാര്‍ച്ച് 20 ന് വെല്ലിംഗ്ടണിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം ന്യൂഡല്‍ഹിയും മുംബൈയും സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ ലക്സണ്‍ പ്രധാനമന്ത്രി മോദിയുമായും പ്രസിഡന്റ് ദ്രൗപദി മുര്‍മുവുമായും ചര്‍ച്ച നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
മാര്‍ച്ച് 17 ന് നടക്കുന്ന 10-ാമത് റെയ്സിന ഡയലോഗ് 2025 ന്റെ ഉദ്ഘാടന സെഷനില്‍ ലക്സണ്‍ പങ്കെടുക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. സന്ദര്‍ശന വേളയില്‍ അദ്ദേഹം ഇന്ത്യന്‍ ബിസിനസ്സ് നേതാക്കളുമായി സംവദിക്കും. മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസുകള്‍, മാധ്യമങ്ങള്‍, ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം ഉണ്ടാകും.