August 20, 2025

പൗരത്വം തെളിയിക്കാൻ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്: പദ്ധതി കേന്ദ്ര സർക്കാരിന്‍റെ പരിഗണനയില്‍

0
1701738572_modi

ഇന്ത്യാ രാജ്യത്തെ പൗരന്മാർക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള പുതിയ തിരിച്ചറിയല്‍ കാർഡ് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയില്‍.
അർഹരായ എല്ലാവർക്കും സ്മാർട്ട് സിറ്റിസണ്‍ഷിപ്പ് കാർഡ് നല്‍കാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി. നിലവില്‍ രാജ്യത്തു നടന്നു വരുന്ന സെൻസസ് പൂർത്തീകരിച്ച ശേഷമായിരിക്കും കാർഡിന് അന്തിമ രൂപം നല്‍കുക.

സാധുവായ രേഖകള്‍ ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്മാർട്ട് സിറ്റിസണ്‍ഷിപ്പ് കാർഡ് നല്‍കുന്നതായിരിക്കും. അതിനു ശേഷം ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന ഏകവും അന്തിമവുമായ രേഖ ഈ കാർഡ് മാത്രമായിരിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കാർഡ് നിർമ്മിക്കുക. ഇത് വ്യാജമായി നിർമ്മിക്കുക അസാധ്യമാക്കുന്ന വിധത്തിലാണ് രൂപ കല്‍പ്പന ചെയ്യുന്നത്.

രാജ്യത്ത് നിലവിലുള്ള ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പൗരത്വം തെളിയിക്കാൻ പര്യാപ്തമായതല്ല എന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ ഇതിനായി പുതിയ കാർഡ് ഏർപ്പെടുത്താൻ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഈ സംവിധാനം പ്രാവർത്തികമാകുന്നതോടെ രാജ്യത്ത് നിലവിലുള്ള ഒരു കാർഡും സർക്കാർ റദ്ദാക്കുകയില്ല. ഓരോ കാർഡുകളും അതിന്‍റെ പ്രത്യേക ആവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കുന്ന രീതി തുടരും. ബാങ്കിംഗ് ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മാത്രമായി ആധാർ കാർഡ് ഉപയോഗിക്കാനാകും. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് മാത്രമായി വോട്ടർ ഐഡി കാർഡിന്‍റെ ആവശ്യം നിജപ്പെടുത്തും.

പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങുനതിനു മാത്രം റേഷൻ കാർഡ് ഉപയോഗിക്കാം. ആദായ നികുതി സംബന്ധമായ കാര്യങ്ങള്‍ക്ക് പാൻ കാർഡും പ്രയോജനപ്പെടുത്താനാകും. സ്മാർട്ട് സിറ്റിസണ്‍ഷിപ്പ് കാർഡ് പൗരത്വം തെളിയിക്കാൻ മാത്രമേ ഉപയോഗിക്കാനാകൂ. ആധാർ, വോട്ടർ ഐഡി, പാൻകാർഡ്, റേഷൻ കാർഡ് എന്നീ സർക്കാർ ഡേറ്റാ ബേസുകളില്‍ നിന്ന് പൗരന്മാരുടെ വിവരങ്ങള്‍ വ്യാപകമായി ചോരുന്നുണ്ട്.

മാത്രമല്ല എല്ലാത്തിന്‍റെയും വ്യാജ തിരിച്ചറിയല്‍ കാർഡുകളും വ്യാപകമായി സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് ഈ രേഖകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായതിനാലാണ് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ തിരിച്ചറിയല്‍ സംവിധാനം നിർമിക്കണം എന്ന ആശയം പ്രാവർത്തികമാക്കുന്നത്. ഈ കാർഡ് വഴിയായിരിക്കും സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടാൻ സാധിക്കുക…..

Leave a Reply

Your email address will not be published. Required fields are marked *