മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു

മൂന്നാർ: മൂന്നാറിൽ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവിൽ പ്രദേശത്തെ ഏതാനും ചെടികളിൽ മാത്രമേ പൂക്കൾ വിരിഞ്ഞിട്ടുള്ളൂ. വരുംദിവസങ്ങളിൽ കൂടുതൽ ചെടികൾ പൂവിട്ടേക്കും.
നീലക്കുറിഞ്ഞി പൂത്താൽ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന, സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന സസ്യമാണ് നീലക്കുറിഞ്ഞി. ഇവ നശിപ്പിക്കുന്നതും കൈവശം സൂക്ഷിക്കുന്നതും ശിക്ഷാർഹമാണ്. മിക്കവർഷവും വ്യത്യസ്തസ്ഥലങ്ങളിൽ ഒറ്റപ്പെട്ട് പൂക്കാറുണ്ട്. 2018-ൽ നീലക്കുറിഞ്ഞി വസന്തം വലിയ രീതിയിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രളയം കാരണം കുറഞ്ഞിരുന്നു.