മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ഗുജറാത്തിലെ 20 നദീപാലങ്ങളില്‍ 12 എണ്ണം പൂര്‍ത്തിയായി

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുമായി ബന്ധപ്പെട്ട്, 508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി, ഗുജറാത്തിലെ 20 നദീപാലങ്ങളിൽ 12 പാലങ്ങളുടെ നിർമാണം പൂർത്തിയായതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) അറിയിച്ചു. നവസാരി ജില്ലയിലെ ഖരേര നദിയിൽ 120 മീറ്റർ ദൈർഘ്യമുള്ള പാലം ഗുജറാത്തിൽ പൂർത്തിയായ 12-ാമത്തെ പാലമാണ്.12 സ്റ്റേഷനുകളുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലേക്ക് ഗുജറാത്തിൽ 352 കിലോമീറ്ററും മഹാരാഷ്ട്രയിൽ 156 കിലോമീറ്ററും ഉൾപ്പെടുന്നു. അഹമ്മദാബാദ്-മുംബൈ യാത്രാസമയം നിലവിലെ 6 മുതൽ 8 മണിക്കൂർ വരെ ഉള്ളത് ബുള്ളറ്റ് ട്രെയിൻ 3 മണിക്കൂറായി ചുരുക്കുമെന്നാണ് പ്രതീക്ഷ.ഖരേര നദിക്ക് പുറമേ, വാപി മുതൽ സൂററ്റ് വരെയുള്ള പര്‍, പൂര്‍ണ, മിന്ദോല, അംബിക, ഔറംഗ, കോലക്, കാവേരി, വെംഗനിയ നദികളിലും പാലങ്ങൾ പൂർത്തിയായി. വഡോദര ജില്ലയിലെ ധാധർ, ഖേഡ ജില്ലയിലെ മോഹർ, വത്രക് നദികളിലാണ് മറ്റ് പാലങ്ങളുടെ നിർമാണം പൂർത്തിയായത്.2024 ഒക്ടോബർ 21 വരെയായി 1,389.5 ഹെക്ടർ ഭൂമി ഇതിനകം പദ്ധതിക്കായി ഏറ്റെടുത്തു. ഗുജറാത്ത് ഭാഗത്ത് എല്ലാ സിവിൽ, ഡിപ്പോ ടെൻഡറുകൾ, ട്രാക്ക് ടെൻഡർ എന്നിവയും അനുവദിച്ചതായാണ് പുറത്ത് വരുന്ന വിവരം. കടലിനടിയിലൂടെ പോകുന്ന ടണൽ നിർമാണവും ആരംഭിച്ചുവെന്നും എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു.