മോദി സർക്കാരിന്റെ പിആർ; അഞ്ച് വർഷത്തിനിടെ ചെലവാക്കിയത് 2,320 കോടി രൂപ

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പരസ്യ ചെലവ് 84 ശതമാനം ഉയർന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്. 2020-21, 2024-25 സമ്പത്തിക വർഷങ്ങളിലെ പരസ്യ ചെലവുകളില്‍ വർധനയുണ്ടായെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍ എന്‍ഡിഎ സർക്കാർ മറച്ചുവയ്ക്കുകയാണെന്നും ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റിയില്‍ നിന്ന് കണക്കുകള്‍ ലഭ്യമല്ലെന്നും തൃണമൂല്‍ ആരോപിക്കുന്നു.
ഓഗസ്റ്റ് എട്ടിന് രാജ്യസഭയില്‍, കഴിഞ്ഞ അഞ്ച് വർഷക്കാലം പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പരസ്യങ്ങളും പ്രചരണങ്ങളും നടത്തുന്നതിനായി കേന്ദ്ര സർക്കാർ ചെലവാക്കിയ തുകയെത്രയാണെന്ന് വ്യക്തമാക്കണമെന്ന് തൃണമൂല്‍ എംപി ഡെറിക്ക് ഒബ്രയാന്‍ ആവശ്യപ്പെട്ടിരുന്നു.വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ. മുരുകൻ ആണ് തൃണമൂല്‍ എംപിക്ക് എഴുതി തയ്യാറാക്കിയ മറുപടി നല്‍കിയത്. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പേരിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി) ആണ് പരസ്യങ്ങൾ നൽകുന്നതെന്നും ഈ ചെലവുകളുടെ വിശദാംശങ്ങൾ സിബിസിയുടെ വെബ്‌സൈറ്റായ www.davp.nic.in-ൽ ലഭ്യമാണെന്നുമായിരുന്നു മറുപടി.