കുത്തനെ ഇടിഞ്ഞ് ഒട്ടുപാല്‍ വില

ഒട്ടുപാല്‍വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസംവരെ കിലോക്ക് 132 രൂപ വരെ ലഭ്യമായിരുന്ന ഒട്ടുപാല്‍ വില ഇന്നലെ 118 രൂപയായി താഴ്ന്നു. തുടർന്ന് റബർ കർഷകർ ആശങ്കയിലാണ്.മിക്കയിടങ്ങളിലും ഈ വിലക്കാണ് കച്ചവടം നടന്നതെന്ന് റബർ കർഷകർ ചൂണ്ടിക്കാട്ടുന്നു. റബർ വില കിലോക്ക് 200 കടന്നതും ഒട്ടുപാല്‍ വില 132 രൂപയായതും റബർ കർഷകർക്ക് ആശ്വാസമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഇനിയും ഒട്ടുപാല്‍ വില കൂടുമെന്ന പ്രതീക്ഷയിലായിരുന്നു റബർ കർഷകർ.
ഒട്ടുപാലിന് വില വർധിച്ചതോടെ റബർ ഷീറ്റ് ഉല്‍പാദനത്തില്‍നിന്ന് പലരും പിന്മാറുകയും ചെയ്തു. റബർഷീറ്റ് നിർമിക്കാനുള്ള ചെലവ് നോക്കുമ്പോള്‍ ഒട്ടുപാലില്‍നിന്ന് നല്ല വരുമാനം ലഭിച്ച് ആരംഭിച്ചതോടെയായിരുന്നു ഇത്. എന്നാല്‍, അവരുടെ പ്രതീക്ഷകള്‍ തകിടംമറിച്ചാണ് ഒട്ടുപാല്‍ വിലയില്‍ 14 രൂപ കുറഞ്ഞത്. ഒട്ടുപാലിന് വില വർധിക്കുമെന്ന പ്രതീക്ഷയില്‍ പല കർഷകരും അത് ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. അവർക്കും ഈ നീക്കം ഇരുട്ടടിയായി. റബർ മേഖലയിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് വൻകിട കമ്പനികളാണെന്നും അവർ നിശ്ചയിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും കർഷകർ പറയുന്നു.