കൂടുതല്‍ പേരെ പിരിച്ചുവിടാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ്

കൂടുതൽ പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. 2025 സാമ്പത്തിക വര്‍ഷാവസാനമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമായും സെയില്‍സ് വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിടുക. വിവിധ ചുമതലകള്‍ വഹിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടാവുമെന്ന് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എങ്കിലും ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. സാധാരണ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കമ്പനി പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കാറുണ്ട്. ഇക്കഴിഞ്ഞ മേയിലും 6000-ന് അടുത്ത് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ ആകെ ജീവനക്കാരില്‍ മൂന്ന് ശതമാനമാണിത്. വീണ്ടും കമ്പനി കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുമ്പോള്‍ മേയില്‍ പിരിച്ചുവിടപ്പെട്ട അത്രയും ജീവനക്കാരെ തന്നെ പിരിച്ചുവിട്ടേക്കാം.
2024 ജൂണിലെ കണക്കനുസരിച്ച് മൈക്രോസോഫ്റ്റില്‍ ആകെ 2,28,000 ജീവനക്കാരുണ്ട്. ഇതില്‍ ഏറ്റവും അധികം പേര്‍ പ്രവര്‍ത്തിക്കുന്നത് സെയില്‍സ്- മാര്‍ക്കറ്റിക് വിഭാഗങ്ങളിലാണ്. ഏകദേശം 45000 പേര്‍ ഈ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 86000 പേരുള്ള ഓപ്പറേഷന്‍സ്, 81000 പേര്‍ പ്രവര്‍ത്തിക്കുന്ന ഡെവലപ്പ് മെന്റ് വിഭാഗങ്ങളാണ് മുന്നിലുള്ളത്.