മണപ്പുറം ഫിനാന്‍സിന് 2262.39 കോടി രൂപ മൊത്തവരുമാനം, നികുതിക്കു ശേഷമുള്ള ലാഭം 392.11 കോടി രൂപ

ഗോള്‍ഡ് ലോണ്‍ 21.8 ശതമാനം വര്‍ധിച്ച് 28,801.66 കോടി രൂപയായി
കൊച്ചി: മുന്‍നിര നോണ്‍ബാങ്കിംഗ് ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ മൊത്തം സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 21.8 ശതമാനം ഉയര്‍ന്ന് 28,801.66 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് 23,647.34 കോടിയായിരുന്നു. സജീവ സ്വര്‍ണ്ണ വായ്പാ ഉപഭോക്താക്കളുടെ എണ്ണം ഈ കാലയളവില്‍ 2.4 കോടി കവിഞ്ഞു. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിന് തുല്യമാണ്.കമ്പനി കൈകാര്യം ചെയ്യുന്ന സജീവ ആസ്തികള്‍(അസെറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 15 ശതമാനത്തിലധികം ഉയര്‍ന്ന് 35,698 കോടിയിലെത്തി.
മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ ഇത് 31,035 കോടിയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍(അസെറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) ഇക്കാലയളവില്‍ 44,304.17 കോടിയായി. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 44,932.34 കോടി രൂപയേക്കാള്‍ അല്പം കുറവാണ്. കമ്പനിയുടെ മൊത്തം അറ്റാദായം 132.48 കോടിയും നികുതിക്ക് ശേഷമുള്ള ലാഭം 392.11 കോടിയുമാണ്.ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 2,262.39 കോടിയായി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കുറവാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 2,488.88 കോടിയായിരുന്നു.വാണിജ്യ വാഹന വായ്പാ വിഭാഗത്തിലെ കമ്പനിയുടെ മൊത്തം ആസ്തികള്‍ ഇക്കാലയളവില്‍ 4,492 കോടിയിലെത്തി. മുന്‍ വര്‍ഷത്തെ 4,541 കോടി രൂപയെ അപേക്ഷിച്ച് ഇത് അല്‍പം കുറവാണ്. എന്നാല്‍ വായ്പാ തിരിച്ചടവില്‍ മികച്ച പ്രകടനം നടത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ തുടക്കം ശുഭസൂചനയാണ് നല്‍കുന്നതെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ പറഞ്ഞു. ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രധാന ബിസിനസ് മേഖലകളായ ഗോള്‍ഡ് ലോണിലും ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പകളിലും മികച്ച മുന്നേറ്റം സാധ്യമായി. മൈക്രോഫിനാന്‍സ് മേഖലയിലും വ്യക്തിഗത വായ്പകളിലും നിലനില്‍ക്കുന്ന പലതരം വെല്ലുവിളികളെയും സൂക്ഷ്മതയോടെ മറികടക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ ഉതകുന്ന വിധത്തില്‍ പല തീരുമാനങ്ങളും കൈക്കൊള്ളാന്‍ കമ്പനിക്ക് കഴിഞ്ഞു. കമ്പനിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ദീപക് റെഡ്ഡിയെ നിയമിച്ചത് ഇക്കാലയളവിലാണ്.