മലരിക്കല്‍ ടൂറിസം: വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി, വരുമാനം കർഷകർക്കും

മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന തരത്തിലേക്കെത്തുന്നു. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തിലെ 1800 ഏക്കര്‍ വരുന്ന ജെ- ബ്ലോക്ക്, 850 ഏക്കര്‍ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും ഈപാടശേഖരങ്ങളില്‍ വളര്‍ന്ന ആമ്പലുകള്‍ക്കിടയില്‍ സഞ്ചാരികളെ വള്ളങ്ങളില്‍ എത്തിക്കുന്നവരും ചേര്‍ന്നാണ് ധാരണയുണ്ടാക്കിയത്. ടൂറിസം സീസണ്‍ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താല്‍ കേടുപാടുകൾ വന്ന വരമ്പുകള്‍ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ശക്തിപ്പെടുത്താനും ഈ തുക കര്‍ഷകര്‍ക്ക് ഉപയോഗിക്കാൻ കഴിയും.
ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങള്‍ അതത് പാടശേഖരസമിതികളുമായി ചേര്‍ന്ന് സഞ്ചാരികള്‍ക്ക് കടവുകള്‍ ക്രമീകരിക്കും. ഊഴ അടിസ്ഥാനത്തില്‍ വള്ളങ്ങള്‍ ക്രമീകരിക്കും. ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. മലരിക്കല്‍ ടൂറിസം സോണായ പശ്ചാത്തലത്തില്‍ വാഹനഗതാഗതം ക്രമീകരിക്കും. ടൂറിസ്റ്റുകള്‍ കാഞ്ഞിരംപാലം കടന്ന് മലരിക്കല്‍ ജങ്ഷനില്‍ എത്തി തിരിച്ചുപോകുന്ന വിധം പാര്‍ക്കിങ് നിര്‍ബന്ധമാക്കി. സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഫീസ് നല്‍കി ഉപയോഗിക്കാം. വീതികൂട്ടിയ ടൂറിസം റോഡ് ഭാഗത്ത് വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കില്ല. വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ യൂണിഫോം ധരിക്കും.