രണ്ട് ദിവസത്തെ ഗവി യാത്രയുമായി കെഎസ്ആര്‍ടിസി

രണ്ട് ദിവസത്തെ ഗവി യാത്രയുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഗവിയിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസാണ് യാത്രയ്ക്കായി ഉപയോഗിക്കുക. ജൂലൈ 9ന് രാവിലെ 8 മണിക്കാണ് ഗവിയിലേയ്ക്കുള്ള ഉല്ലാസ യാത്ര ആരംഭിക്കുന്നത്. ഗവിയ്ക്ക് പുറമെ അടവി, പരുന്തുംപാറ എന്നിവിടങ്ങളും സന്ദര്‍ശിക്കും.
അടവിയിലെ കുട്ടവഞ്ചിയിലുള്ള മനോഹരമായ യാത്രയും കാട് ആസ്വദിച്ച് ഗവിയിലൂടെയുള്ള നടത്തവുമാണ് യാത്രയിലെ ഹൈലൈറ്റ്. നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ പരുന്തുംപാറയിലും കയറാം എന്നതാണ് മറ്റൊരു സവിശേഷത. കോടമഞ്ഞും കുളിര്‍കാറ്റും നിറഞ്ഞ അന്തരീക്ഷമാകും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.കോഴിക്കോട് നിന്ന് 3,100 രൂപയ്ക്ക് ഗവിയിൽ പോയി തിരിച്ചു വരാം. ഇതിൽ ബസ് ടിക്കറ്റ്, എൻട്രി ഫീ എന്നിവയും ഒരു ദിവസത്തെ ഉച്ചഭക്ഷണവും ഉൾപ്പെടും.
ഗവിയ്ക്കുള്ളിലെ കെഎസ്ആര്‍ടിസി കാന്‍റീനിൽ നിന്നാണ് ഉച്ചഭക്ഷണം. താമസം പാക്കേജിൽ ഉൾപ്പെടുന്നില്ല. മറ്റു ചിലവുകളും പാക്കേജിൽ പെടുന്നതല്ല. 11ന് രാവിലെ 5 മണിയോടെ കോഴിക്കോട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ മാസം ഗവിയിലേയ്ക്ക് മൂന്ന് ട്രിപ്പുകൾ കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.