2,000 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി ജൂണ്‍ 24ന് 2,000 കോടി രൂപ കൂടി കേരളം കടമെടുക്കും. 27 വര്‍ഷത്തെ കാലാവധിയിലാണ് കടമെടുപ്പെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ ആവശ്യാര്‍ത്ഥമാണ് കടമെടുപ്പെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) സംസ്ഥാനത്തിന്റെ പൊതുകടം 12,000 കോടി രൂപയായി വര്‍ധിക്കും.
ഏപ്രിലില്‍ 2,000 കോടിയും മെയ് മാസത്തില്‍ 5,000 കോടിയും ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ 3,000 കോടി രൂപയും കേരളം കടമെടുത്തിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ട് മാസങ്ങളിലും കേരളത്തിന്റെ കടം 5,000 കോടി രൂപയാകും. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 4,000 കോടി രൂപ കേരളം കടമെടുത്തിരുന്നു. ഇതടക്കം ഡിസംബര്‍ വരെ കേരളത്തിന് കടമെടുക്കാന്‍ കഴിയുന്നത് 29,529 കോടി രൂപയാണ്. അടുത്ത ആറ് മാസത്തേക്ക് കേരളത്തിന് കടമെടുക്കാന്‍ ബാക്കിയുള്ളത്. 17,529 കോടി രൂപ മാത്രം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പയില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന് 3,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓണത്തിന് മുമ്പ് കേരളത്തിന് അനുവദിച്ച കടപരിധി അവസാനിക്കുമോയെന്നും ആശങ്കയുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ അനുവദിച്ച തുക സെപ്റ്റംബറിന് മുമ്പ് തന്നെ കേരളം എടുത്ത് തീര്‍ത്തിരുന്നു. തുടര്‍ന്ന് 4,200 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.