കയമ അരിക്ക് കിലോയ്ക്ക് 230 രൂപ! ബിരിയാണി വിലയും കൂടി; ഹോട്ടലുകളും കാറ്ററിങ് മേഖലയും പ്രതിസന്ധിയിൽ

കോഴിക്കോട്: കേരളത്തില്‍ കുതിച്ചുയർന്ന് കയമ അരിയുടെ വില. 230 രൂപയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില.കേരളത്തില്‍ ബിരിയാണിക്ക് കൂടുതല്‍ ഉപയോഗിക്കുന്നത് കയമ അരിയാണ്. ഘട്ടംഘട്ടമായാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ അരിയുടെ വിലയുയരുന്നുണ്ട്. മുൻപ് കിലോയ്ക്ക് 110 രൂപയ്ക്കും 115 രൂപയ്ക്കും കിട്ടിയിരുന്ന അരിക്കാണ് ഒറ്റയടിയ്ക്ക് ഇത്രയും വർധന.
അതെസമയം ബിരിയാണി അരിയുടെ വില വർദ്ധിച്ചതോടെ ഹോട്ടലുകളില്‍ ചിക്കൻ ബിരിയാണിക്കും ബീഫ് ബിരിയാണിക്കും 20 രൂപ വീതം കൂടി.കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന ഡിഗോണ്‍, വില്ലേജ് ബ്രാൻഡുകള്‍ക്ക് ഇപ്പോള്‍ 215 രൂപയാണ് വില. 110 രൂപയുണ്ടായിരുന്ന ട്രിപ്പിള്‍ മാൻ ബ്രാൻഡിന് വില 225 രൂപയായി കൂടി. കൂടാതെ കെടിഎസ് ബ്രാൻഡിന്റെ വില കിലോയ്ക്ക് 110-ല്‍ നിന്ന് 220 രൂപയായും ഉയർന്നിട്ടുണ്ട്.
പശ്ചിമബംഗാളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കയമ അരിയെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം കൃഷിമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അരി വൻതോതില്‍ കയറ്റുമതി ചെയ്യപ്പെട്ടതും വിലവർധനയ്ക്ക് കാരണമായെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.അനിയന്ത്രിതമായ വിലവർധന കച്ചവടത്തെ ബാധിച്ചെന്ന് വ്യാപാരികള്‍ പറഞ്ഞു. വെളിച്ചെണ്ണ വില വർധനയ്ക്ക് പിന്നാലെയാണ് കയമ അരിയുടെ വിലയും കുതിച്ചുയർന്നത്. ഇതോടെ ഹോട്ടലുകളും കാറ്ററിങ് മേഖലകളിലുള്ളവരും പ്രതിസന്ധിയിലാണ്.