ബയോമെട്രിക് ഒഴികെ ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം; പുതിയ മാറ്റങ്ങൾ 2025 നവംബർ മുതൽ

പല ആധാർ വിവരങ്ങളും ഓൺലൈനായി അപ്‍ഡേറ്റ് ചെയ്യുക സാധ്യമല്ല. ഇതിനായി ആധാർ സെന്ററുകൾ സന്ദർശിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഈ സാഹചര്യത്തിന് അടുത്ത 2025 നവംബർ മുതൽ മാറ്റം സംഭവിക്കാൻ പോവുകയാണ്. അതായത് ഒരു വ്യക്തിക്ക് സ്വയം പല വിവരങ്ങളും ഇലക്ട്രോണിക് രീതിയിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
ഫിംഗർ പ്രിന്റ്, ഐറിസ് വിവരങ്ങളൊഴികെ മറ്റെല്ലാ വിവരങ്ങളും നിങ്ങൾക്ക് വീട്ടിലിരുന്ന് അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുകയാണെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ മേധാവി ഭുവനേഷ് കുമാർ അറിയിച്ചു. ഉപയോക്താക്കൾക്ക് മുഴുവൻ വിവരങ്ങളോ, ഭാഗികമായ വിവരങ്ങളോഇത്തരത്തിൽ നൽകാം.
വൈകാതെ UIDAI പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷനിലെ ക്യു.ആർ കോഡ് ഉപയോഗിച്ചു കൊണ്ട് ഇത്തരം വിവരങ്ങൾ നൽകാൻ സാധിക്കും. പേര്, ലിംഗം, ജനനത്തിയ്യതി, ഫോൺ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങൾ വീട്ടിലിരുന്ന് തന്നെ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം. അതേ സമയം ഫിംഗർ പ്രിന്റ്, ഐറിസ് സ്കാൻ എന്നീ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിനായി ഓഫ് ലൈൻ സെന്ററുകൾ തന്നെ സന്ദർശിക്കേണ്ടതാണ്.
തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടാതിരിക്കാനാണ് ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തുന്നത്. ഇത് ഒരു വ്യക്തിക്ക് സ്വന്തം ഡാറ്റയുടെ മേൽ പൂർണ നിയന്ത്രണം നൽകുന്നു. ഈ വിവരങ്ങൾ അനുവാദത്തോടു കൂടി മാത്രമേ പങ്കുവെക്കുന്നുള്ളൂ എന്നത് ഉറപ്പാക്കുന്നു. ഇത് കൂടുതൽ സുരക്ഷ നൽകുന്ന ഒരു നീക്കമാണ്