ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു

ഇന്ത്യയുടെ വ്യാപാര കമ്മി മെയ് മാസത്തില്‍ 21.88 ബില്യണ്‍ ഡോളറായി കുറഞ്ഞു. എണ്ണ ഇതര കയറ്റുമതി വര്‍ദ്ധിച്ചതും സ്വതന്ത്യവ്യാപാര കരാറുകളും തുണയായി.
ആഗോള വ്യാപാരത്തെ യുഎസ് താരിഫുകളും നയ അനിശ്ചിതത്വങ്ങളും തടസ്സപ്പെടുത്തിയിട്ടും ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയിലെ കയറ്റുമതിയാണ് ഡേറ്റകളില്‍ പ്രതിഫലിച്ചത്. ഏപ്രിലില്‍ മാസത്തില്‍ വ്യാപാര കമ്മി 26.42 ബില്യണ്‍ ഡോളറായിരുന്നു. ഇത്തവണ വിപണി പ്രതീക്ഷിച്ചത് 25 ബില്യണ്‍ വിടവാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇറക്കുമതി 1.7% കുറഞ്ഞ് 60.61 ബില്യണ്‍ ഡോളറിലെത്തി. അതേസമയം, കയറ്റുമതിയും ഇതേ കാലയളവില്‍ 2.2% കുറഞ്ഞ് 38.73 ബില്യണ്‍ ഡോളറിലെത്തി. കയറ്റുമതിയില്‍ മുന്നിട്ട് നിന്നത് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളാണ്. ഈ വിഭാഗത്തിലെ കയറ്റുമതിയിലെ വാര്‍ഷിക വളര്‍ച്ച 54% ആയിരുന്നു.
സമുദ്രോത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, പോലുള്ള തൊഴില്‍ മേഖലകളും നേട്ടങ്ങള്‍ കൈവരിച്ചു. ഏപ്രില്‍-മെയ് കാലയളവില്‍ പെട്രോളിയം ഇതര വ്യാപാര കയറ്റുമതിയില്‍ 7.5% വര്‍ധനവുണ്ടായി.എന്നിരുന്നാലും, 2024 മെയ് മാസത്തില്‍ പ്രധാന കയറ്റുമതി 39.59 ബില്യണ്‍ ഡോളറില്‍ നിന്ന് 2025 മെയ് മാസത്തില്‍ 38.73 ബില്യണ്‍ ഡോളറായി താഴ്ന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, കോട്ടണ്‍ നൂല്‍ തുടങ്ങിയവ പ്രധാന കയറ്റുമതി ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.