August 5, 2025

ഇന്ത്യൻ മദ്യ വിപണി ഉയരുന്നു; വൻ നിക്ഷേപവുമായി ആഗോള മദ്യ കമ്പനികൾ

0
images (1) (8)

ഇന്ത്യയിൽ വൻ നിക്ഷേപങ്ങള്‍ക്കൊരുങ്ങി മദ്യ കമ്പനികള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രൂവറീസ് കമ്പനികളായ എബി ഇന്‍ബെവ്, കാള്‍സ്ബര്‍ഗ് എന്നിവ ഈ വര്‍ഷം രാജ്യത്ത് ബ്രൂവറികള്‍ സ്ഥാപിക്കാൻ ഒരുങ്ങുന്നതിനാൽ 3,500 കോടി രൂപയിലധികം നിക്ഷേപിക്കും. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂലധന നിക്ഷേപമാണിത്. യുവാക്കളുടെ എണ്ണം, ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന വരുമാനം തുടങ്ങിയവ മൂലം ഇന്ത്യന്‍ മദ്യ വിപണി അതിവേഗം വളരുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍നിര മദ്യ നിര്‍മ്മാതാക്കള്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നത്. ഇന്ത്യന്‍ ആല്‍ക്കഹോള്‍ ബെവറേജ് വ്യവസായം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 64 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക്. ഇതോടെ ആഗോള വിപണിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തും. 2021ല്‍ 52.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായിരുന്നു ഇന്ത്യയിലെ മദ്യ വിപണി. മദ്യ വ്യവസായത്തിലൂടെ സംസ്ഥാനങ്ങളുടെ ഖജനാവിലേക്ക് പ്രതിവര്‍ഷം 3 ലക്ഷം കോടി രൂപയിലധികമാണ് എത്തുന്നത്. കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന കസ്റ്റംസ് തീരുവയും ചരക്ക് സേവന നികുതിയ്ക്കും പുറമേയാണിത്. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ മദ്യ കമ്പനികള്‍ 8 മുതല്‍ 10 ശതമാനം വരെ വരുമാന വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതെസമയം യുഎസുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യ ബര്‍ബണ്‍ വിസ്കിയുടെ ഇറക്കുമതി തീരുവ 50 ശതമാനമായി കുറച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 13 ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പാണ് ബര്‍ബണ്‍ വിസ്കിയുടെ കസ്റ്റംസ് തീരുവ കുറച്ചതായി അറിയിച്ചത്. കൂടാതെ നിരവധി തരം വൈനുകളുടെ തീരുവയും ഇന്ത്യ കുറച്ചിട്ടുണ്ട്. മുന്തിരി, വെര്‍മൗത്ത്, മറ്റ് ചില പുളിപ്പിച്ച പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള വൈനുകളുടെ തീരുവയാണ് കുറച്ചത്. അമേരിക്കന്‍ മദ്യ നിര്‍മ്മാതാക്കള്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചത് കാരണം അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *