സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച്

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (Ind-Ra).ബേസല്‍ III ടൈർ 2 ഡെപ്റ്റ് (Basel III tier 2 debt) റേറ്റിംഗ് IND A+ സ്റ്റേബിള്‍ റേറ്റിംഗില്‍ നിന്നും ‘IND AA-/ സ്റ്റേബിള്‍’ റേറ്റിംഗായി ഉയർത്തിയത്.മൂലധനം സമാഹരിക്കുന്നതിലൂടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതായി ഏജൻസി വിലയിരുത്തി. നിഷ്ക്രിയ ആസ്തികളുടെ അനുപാതം കുറയ്‌ക്കുന്നതും ആസ്തി ഗുണമേന്മ മെച്ചപ്പെടുന്നതും പ്രത്യേകം പ്രതിപാദിച്ചിട്ടുള്ള അക്കൗണ്ടുകളിന്മേലുള്ള (എസ്‌എംഎ) നിയന്ത്രണവും പരിഗണിച്ചാണ് ക്രെഡിറ്റ് റേറ്റിംഗ് കൂട്ടിയത്.
ഈ മേഖലകളിലെല്ലാം മികച്ച പ്രകടനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം മുതല്‍ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദംവരെ സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയത്. റീട്ടെയില്‍ നിക്ഷേപ മേഖലയിലും വായ്‌പ- നിക്ഷേപ അനുപാതത്തിലും ബാങ്ക് മികവ് പുലർത്തി. വായ്പ വിതരണത്തെ ശക്തിപ്പെടുത്തുന്നതില്‍ ഈ മേഖലകളില്‍ നടത്തിയ പ്രകടനം നിർണായകമായതായും ഏജൻസി വിലയിരുത്തി. രാജ്യമൊട്ടാകെ 948 ബ്രാഞ്ചുകളിലായി 80 ലക്ഷം സജീവ ഉപഭോക്താക്കളാണ് സൗത്ത് ഇന്ത്യൻ ബാങ്കിനുള്ളത്.