സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഒരുങ്ങി ഇന്ത്യ
നിരവധി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഒരുങ്ങി ഇന്ത്യ. ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. നിലവിൽ ഒമാൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായി നടക്കുന്ന ചർച്ചകൾ ഉടൻ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ വെള്ളിയാഴ്ച ഇന്ത്യയിലെത്തുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് മക്ലേ ഡെൽഹിയിലെത്തുന്നത്.
ഇതിനുപുറമേ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയുമായുള്ള കരാർ ചർച്ചകളും വൈകാതെ അവസാനിക്കും. ഇസ്രയേലുമായി കരാറിലെത്താനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി കഴിഞ്ഞ മാസം ടെൽ അവീവിൽ വെച്ച് ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.
വ്യാപാരത്തിനും ആഗോള നിക്ഷേപകർക്കും ഇന്ത്യ ആകർഷകമായ ഒരു സ്ഥലമായി മാറിയിക്കഴിഞ്ഞു. നിരവധി രാജ്യങ്ങൾ ഇന്ത്യയുമായി വ്യാപാര കരാറുകൾ ഉണ്ടാക്കാൻ ഇപ്പോൾ തീവ്ര ശ്രമത്തിലാണെന്നും ഗോയൽ വ്യക്തമാക്കി.
